ടാറ്റയുടെ പുതിയ ടിഗോര്‍ ഇവി 31ന് പുറത്തിറക്കും

സിപ്‌ട്രോണ്‍ കരുത്തില്‍ എത്തുന്ന ടിഗോര്‍ ഇവിയുടെ പുറത്തിറക്കല്‍ തീയതി പ്രഖ്യാപിച്ച്‌ ടാറ്റ. പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇ വി കാര്‍ എന്ന പ്രത്യേകതയുമായാണ് തിഗോര്‍ നിരത്തിലെത്തുക. നെക്‌സോണ്‍ ഇവിയില്‍ പ്രവര്‍ത്തിക്കുന്ന സിപ്‌ട്രോണ്‍ പവര്‍ട്രെയിനാണ് ടിഗോറിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാഹനത്തിനുള്ള ബുക്കിംഗ് നേരത്തേതന്നെ കമ്പനി തുടങ്ങിയിരുന്നു. 21000 രൂപ അടച്ച് ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും വാഹനം ബുക്ക് ചെയ്യാം.

നെക്‌സോണ്‍ ഇവിയിലെ സിപ്‌ട്രോണ്‍ കരുത്തുമായിട്ടാണ് വാഹനം എത്തുന്നത്. നെക്‌സോണ്‍ ഇവിയില്‍ പ്രവര്‍ത്തിക്കുന്ന അതേ സിപ്‌ട്രോണ്‍ പവര്‍ട്രെയിനാണ് ടിഗോറിലും ഉള്‍പ്പെടുത്തുക. കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കിയാണ് ടിഗോര്‍ ഇവി മുഖം മിനുക്കുന്നത്. 250 കിലോമീറ്ററിന് മുകളില്‍ റേഞ്ച് വാഹനം നല്‍കുമെന്നും ടാറ്റ അവകാശപ്പെടുന്നു.

ഏകദേശം 120 ബി എച്ച് പി കരുത്തില്‍ 240 എന്‍ എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും ടിഗോര്‍ ഇവിയിലെ ഇലക്ട്രിക് മോട്ടോര്‍. കൂടാതെ 0-100 കിലോമീറ്റര്‍ വേഗത കുറഞ്ഞ സമയത്തിനുള്ളില്‍ കൈവരിക്കാനും സിപ്‌ട്രോണ്‍ സാങ്കേതികവിദ്യ വാഹനത്തെ സഹായിക്കും.

സിപ്ട്രോണ്‍ വാഹനങ്ങള്‍ക്ക് കുറഞ്ഞത് 300 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് നേരത്തേ അവകാശപ്പെട്ടിരുന്നു. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. നെക്‌സണ്‍ ഇവി 60 മിനിറ്റില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. അതേസമയം സാധാരണ ഗാര്‍ഹിക ചാര്‍ജിങ് ഉപയോഗിച്ചാല്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ എടുക്കും. ടിഗോര്‍ ഇ.വിക്കും സമാനമായ ചാര്‍ജിങ് സമയം പ്രതീക്ഷിക്കാം. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്ട്രോണ്‍ ടെകിന്റെ പ്രത്യേകതയാണ്. ഇതില്‍ ഏതൊക്കെ പ്രത്യേകതകള്‍ തിഗോറില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വരാനിരിക്കുന്ന ടിഗോര്‍ ഇവി ഇലക്ട്രിക് അസന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയ്ക്കൊപ്പം ടിഗോര്‍ ഇവിക്ക് ഫ്രണ്ട് ബമ്പറുമായി സംയോജിപ്പിച്ച എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും ലഭിക്കും.

ബ്ലൂ ആക്‌സന്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഉള്‍വശത്തെ രൂപകല്‍പ്പനയില്‍ നിലവിലെ ടിഗോറിന് സമമാണ് ഇ.വി പതിപ്പ്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകള്‍, നാല് ട്വീറ്ററുകള്‍, ഐആര്‍എ കണക്റ്റഡ് കാര്‍ ടെക്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, സീറ്റ് ബെല്‍റ്റ് വാണിങ് എന്നിവയും സുരക്ഷക്കായി ടിഗോറില്‍ ലഭിക്കുന്നു.

ടാറ്റാ ടിഗോര്‍ ഇവി സിപ്ട്രോണ്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയിലാണ് പുറത്തിറക്കുന്ന ഇലക്ട്രിക് കാര്‍ എന്ന സവിശേഷതയുമുണ്ടാകും. സിപ്ട്രോണ്‍ കരുത്തുള്ള നെക്സണ്‍ ഇവിയുടെ വില 13.99 മുതല്‍ 16.85 ലക്ഷം രൂപ വരെയാണ്. സാധാരണ ടിഗോര്‍ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന് രണ്ടിലും ഇടയിലായിരിക്കും പുതിയ തിഗോറിന്റെ വിലയെന്നാണ് സൂചന. അതുകൊണ്ടു തന്നെ അടിസ്ഥാന വേരിയന്റിന് 10 ലക്ഷം രൂപയ്ക്ക് താഴെയാണ് പ്രതീക്ഷിക്കുന്ന വില.

 

Top