മാലിന്യ സംസ്‌കരണത്തിനുള്ള വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

മാലിന്യ സംസ്‌കരണത്തിന് സഹായകമാകുന്ന വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് വിപണിയിലേക്ക്. വാട്ടര്‍ ടാങ്കറുകള്‍, റോഡ് വൃത്തിയാക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ തുടങ്ങി മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്.

എസ്എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പര്‍, എസ്ബിഎസ് 4 ബോക്‌സ് ടിപ്പര്‍, ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍, എല്‍പിടി 1613 ജെട്ടിങ് കം സക്ഷന്‍ തുടങ്ങിയ മോഡലുകളാണ് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഉതകുംവിധം രൂപമാറ്റം വരുത്തിയിരിക്കുന്നത്.

ഈ മാസം 19 മുതല്‍ 21 വരെ മുംബൈയില്‍ നടക്കുന്ന മുനിസിപാലിക 2018 എന്ന പരിപാടിയില്‍ ടാറ്റയില്‍ നിന്ന് പുറത്തിറക്കിയ മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വഛ് ഭാരത് മിഷന്റെ ഭാഗമായി നിരവധി മുനിസിപ്പാലിറ്റികളില്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ ടാറ്റ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഈ ദൗത്യത്തിനായി വാഹനം വികസിപ്പിച്ചിരിക്കുന്നത്.

Top