ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു!

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നുമുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ മോഡലുകള്‍ക്ക് എത്രത്തോളം വില വര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും രണ്ട് ശതമാനം വരെയായിരിക്കും വില വര്‍ധനവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി നിര്‍മാതാക്കള്‍ പറയുന്നത്. സ്റ്റീല്‍, മറ്റ് ലോഹങ്ങള്‍ തുടങ്ങിയവയുടെ തുടര്‍ച്ചയായ വില വര്‍ധനവ് കാരണമായുണ്ടാകുന്ന അധിക ചെലവ്, ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കുന്നതായി കമ്പനി പറയുന്നു. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അമിത ചെലവിന്റെ ഒരു ഭാഗം ഏറ്റെടുത്ത് വില വര്‍ധനവ് കുറയ്ക്കാന്‍ കമ്പനി കൂടുതല്‍ പരിശ്രമിച്ചിട്ടുണ്ടെന്നും ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കുന്നു.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടാറ്റാ മോട്ടോഴ്സ് വില വര്‍ധനവ് പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റില്‍, ‘ന്യൂ ഫോറെവര്‍’ ശ്രേണി ഒഴികെ, അതിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ വില ശരാശരി 0.8 ശതമാനത്തോളം കമ്പനി വര്‍ധിപ്പിച്ചിരുന്നു. ഇന്‍പുട്ട് വില വര്‍ധനവാണ് ഈ നീക്കത്തിനും പിന്നില്‍.

 

Top