വില്‍പ്പന നേട്ടത്തില്‍ ടാറ്റ ടിയാഗോ; ഓഗസ്റ്റ് മാസത്തില്‍ 9277 വാഹനങ്ങള്‍ നിരത്തിലെത്തിച്ചു

TIAGO

ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്ക് വാഹനമായ ടിയാഗോ ഓഗസ്റ്റ് മാസം 9277 വാഹനങ്ങള്‍ നിരത്തിലെത്തിച്ച് പുതിയ നേട്ടം കൈവരിച്ചു. ടിയാഗോയുടെ ടോപ് എന്‍ഡ് മോഡലായ എക്‌സ്ഇസഡ് ആണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നിരത്തിലെത്തിയ മോഡല്‍. 2016 ഏപ്രിലില്‍ പുറത്തിറക്കിയ ടിയാഗോ രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും 1.7 ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്.

ടിയാഗോയിലേക്ക് യുവാക്കളെ സ്വാധീനിക്കുന്നതിനായി അടുത്തിടെ എന്‍ ആര്‍ ജി മോഡല്‍ പുറത്തിറക്കിയിരുന്നു. എസ് യു വി വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനിങ്ങിലാണ് എന്‍ ആര്‍ ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ടിയാഗോയുടെ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ കമ്പനി നടത്തിയ പഠനത്തില്‍ ടിയാഗോ സ്വന്തമാക്കുന്നതില്‍ 50 ശതമാനം ആളുകളും 35 വയസില്‍ താഴെയുള്ളവരാണ്. ഈ സംഖ്യ ഉയര്‍ത്തുന്നതിനാണ് എന്‍ ആര്‍ ജി പോലുള്ള വാഹനം പുറത്തിറക്കുന്നത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ടിയാഗോ പുറത്തിറക്കുന്നുണ്ടെങ്കിലും പെട്രോള്‍ മോഡല്‍ മികച്ച ഇന്ധന ക്ഷമത നല്‍കുന്നതിനാല്‍ പുറത്തിറങ്ങിയതില്‍ 80 ശതമാനവും പെട്രോള്‍ മോഡലാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്തിടെ പുറത്തിറക്കിയ ടഫ്‌റോഡര്‍ ടിയാഗോ എന്‍ ആര്‍ജിയുടെ പെട്രോള്‍ മോഡലിന് 5.49 ലക്ഷവും, ഡീസലിന് 6.31 ലക്ഷവുമാണ് എക്‌സ് ഷോറൂം വില.

Top