Tata Motors T1 Prima Truck Racing Championship Season 3:

ഗ്രേറ്റര്‍ നോയിഡ: ന്യൂഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടന്ന മൂന്നാമത് റ്റി1 ട്രക്ക് റേസിങ്ങിന് ആവേശകരമായ സമാപനം. ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അണി നിരന്ന ‘സൂപ്പര്‍ ക്ലാസ്’ പോരാട്ടങ്ങളില്‍ (രണ്ടു റേസ്) ജഗത് സിങ്, നാഗാര്‍ജുന എന്നിവര്‍ ചാംപ്യന്‍പട്ടം കരസ്ഥമാക്കി.

ഇരുവര്‍ക്കും സമ്മാനതുകയായി 10 ലക്ഷം രൂപ വീതം ലഭിക്കും. അമ്പതിനായിരത്തിലധികം കാണികളാണ് ചാംപ്യന്‍ഷിപ്പ് കാണുവാനെത്തിയത്. ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് സുനീതി ചൗഹാന്‍. ബാദ്ഷാ, നീതി മോഹന്‍, ഗൗരവ്, ഗരിമ യാഗ്‌നിക് തുടങ്ങിയ പ്രശസ്ത താരങ്ങളുടെ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിരുന്നു.

രാജ്യാന്തര താരങ്ങള്‍ മാറ്റുരച്ച ‘പ്രോ ക്ലാസ്’ വിഭാഗത്തില്‍ ടാറ്റ ടെക്‌നോളജീസ് ടീമിന്റെ ഡേവിഡ് ജെന്‍കിന്‍സിന്‍ (37:34.642) ഒന്നാമതായി ഫിനിഷു ചെയ്തു. റിക് കോളറ്റ്, ഗ്രഹാം പവല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ടാറ്റ കമ്മിന്‍സ് ടീമംഗങ്ങളാണ് ഇരുവരും. വാബ്‌കൊ, ജെകെ ടയര്‍, കാസ്‌ട്രോള്‍, ടാറ്റ കമ്മിന്‍സ്, ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ്, ടാറ്റ ടെക്‌നോളജീസ് എന്നിവയാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരച്ച ആറു ടീമുകള്‍.

പ്രൈമ ട്രക്ക് റേസിങ്ങ് എല്ലാ വര്‍ഷവുമുണ്ടെങ്കിലും ഈ വര്‍ഷം ആദ്യമായാണ് ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കായുള്ള ചാംപ്യന്‍ഷിപ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 12 ഡ്രൈവര്‍മാര്‍ക്ക് ട്രക്ക് റേസിങ്ങില്‍ നിപുണരായ വിദഗ്ധരുടെ കീഴില്‍ മികച്ച പരിശീലനം നല്‍കിയാണ് ടാറ്റ അവരെ ചാംപ്യന്‍ഷിപ്പിനായി തയ്യാറാക്കിയത്. എം ഒ എം എ യുടെ കീഴില്‍ മൂന്നുമാസക്കാലമാണ് ഇവര്‍ക്കു പരിശീലനം നല്‍കിയത്.

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഡേവിഡ് ജെന്‍കിന്‍സ് ചാംപ്യന്‍പട്ടം കരസ്ഥമാക്കിയത്. ആദ്യ എട്ടു ലാപ്പില്‍ നാലാം സ്ഥാനത്തു നിന്നതിനു ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് ജെന്‍കിന്‍സ് കപ്പുയര്‍ത്തിയത്. ആദ്യ എട്ടു ലാപ് റേസ് 1:50:691 സെക്കന്റില്‍ പൂര്‍ത്തിയാക്കിയ കാസ്‌ട്രോള്‍ വെക്ടണ്‍ ടീമംഗം മാറ്റ് സമ്മര്‍ഫീല്‍ഡാണ് 3.1 കിലോമീറ്റര്‍ നീളമുള്ള റേസ് ട്രാക്ക് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

Top