50 ലക്ഷം കാറുകൾ വിറ്റ് ടാറ്റ

ചരിത്ര നേട്ടം കുറിച്ച് ടാറ്റ മോട്ടോഴ്സ്. 1998 ൽ പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ച ടാറ്റ മോട്ടോഴ്സ് 2004 ൽ 10 ലക്ഷം കാറുകളുടെ വിൽപനയും 2010 ൽ 20 ലക്ഷം വിൽപനയും 2015 ൽ 30 ലക്ഷം വിൽപനയും 2020 ൽ 40 ലക്ഷം വിൽപനയും കൈവരിച്ചു. അടുത്ത പത്തു ലക്ഷം കാർ വിൽപന നേടാൻ മൂന്നു വർഷം മാത്രമേ ടാറ്റ എടുത്തുള്ളു.

പുതുതലമുറ കാറുകൾ വിപണിയിൽ മികച്ച മുന്നേറ്റമാണു നൽകുന്നതെന്നാണ് ടാറ്റ പറയുന്നത്. വിൽപന കണക്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒന്നായ ടാറ്റയുടെ ലൈനപ്പിൽ ടിയാഗോ, ആൾട്രോസ്, ടിഗോർ എന്നീ കാറുകളും പഞ്ച്, സഫാരി, ഹാരിയർ, നെക്സോൺ എന്നീ എസ്‌യുവികളുമുണ്ട്.

ഇലക്ട്രിക് വാഹന വിപണിയിലെ ഒന്നാമനാണ് ടാറ്റ മോട്ടോഴ്സ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാർ ടിയാഗോ ഇവി അടുത്തിടെയാണ് ടാറ്റ പുറത്തിറക്കിയത്. ഇതുകൂടാതെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് കാറായ നെക്സോൺ ഇവിയും ടിഗോർ ഇവിയും ടാറ്റയുടെ ഇലക്ട്രിക് ലൈനപ്പിലുണ്ട്.

Top