tata motors ; price increasing

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ വാഹന വില 12,000 രൂപ വര്‍ദ്ധിപ്പിച്ചു.ഉല്‍പ്പാദനചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണു വില വര്‍ധിപ്പിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

വിവിധ മോഡലുകളുടെ വിലയില്‍ 5,000 മുതല്‍ 12,000 രൂപയുടെ വര്‍ദ്ധനയാണു പ്രാബല്യത്തിലെത്തിയതെന്നു ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അറിയിച്ചു.

ഉല്‍പ്പാദന ചെലവില്‍ നേരിടുന്ന വര്‍ദ്ധന നേരിടാന്‍ വാഹന വില കൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വാഹന ഉല്‍പ്പാദനത്തിന് ആവശ്യമായ സ്റ്റീല്‍, സിങ്ക് തുടങ്ങിയവയുടെയൊക്കെ വിലയില്‍ ഗണ്യമായ വര്‍ദ്ധന നേരിട്ടു. ഇത്രയും നാള്‍ ഈ അധിക ബാധ്യത കമ്പനി ഏറ്റെടുക്കുകയായിരുന്നെന്നും ഈ നില തുടരാനാവാത്ത സാഹചര്യത്തിലാണു വാഹന വില ഉയര്‍ത്തുന്നതെന്നും പരീക്ക് വ്യക്തമാക്കി.

നവരാത്രി – ദീപാവലി ആഘോഷവേളയില്‍ തന്നെ വാഹന വില വര്‍ദ്ധന പ്രാബല്യത്തിലെത്തുമെന്ന് ഈ മാസം ആദ്യം തന്നെ മയങ്ക് പരീക്ക് പ്രഖ്യാപിച്ചിരുന്നു. വര്‍ധന നടപ്പാക്കാന്‍ ഉത്സവകാലം കഴിയുംവരെ കമ്പനി കാത്തിരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

വാഹനങ്ങളുടെ ഉല്‍പ്പാദനചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ പല നിര്‍മ്മാതാക്കളും വില വര്‍ധിപ്പിച്ച കാര്യവും പരീക്ക് ഓര്‍മിപ്പിച്ചു. മാത്രമല്ല, ഏറെക്കാലമായി കമ്പനി യാത്രാവാഹന വില ഉയര്‍ത്തിയിട്ടില്ലെന്നും അന്ന് അദ്ദേഹം ന്യായീകരിച്ചു.

ഡല്‍ഹി ഷോറൂമില്‍ 2.15 ലക്ഷം രൂപ വിലയുള്ള എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ‘നാനോ’യും പുതിയ അവതരണമായ ‘ടിയാഗൊ’യും മുതല്‍ 16.30 ലക്ഷം രൂപ വിലമതിക്കുന്ന ക്രോസോവറായ ‘ആരിയ’ വരെ നീളുന്നതാണു ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാവാഹന ശ്രേണി.

കഴിഞ്ഞ മാസം യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിവിധ യാത്രാവാഹന, ചെറു വാണിജ്യവാഹന മോഡലുകളുടെ വിലയില്‍ ഒരു ശതമാനത്തോളം വില വര്‍ദ്ധന നടപ്പാക്കിയിരുന്നു.

ഓഗസ്റ്റില്‍ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും വാഹന വില ഉയര്‍ത്തിയിരുന്നു. വിപണിയില്‍ നായകസ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും വാഹനവിലയില്‍ 20,000 രൂപയുടെ വരെ വര്‍ദ്ധന നടപ്പാക്കിയിരുന്നു.

Top