ടാറ്റ മോട്ടോഴ്‌സ് 4,000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു

ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷം 4,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ്.

പുതിയ പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനാണ് കമ്പനി നിക്ഷേപം നടത്തുന്നത്.

വിവിധ ചെലവുചുരുക്കല്‍ പരിപാടികളിലൂടെ 1,500 കോടിയോളം രൂപ മിച്ചം പിടിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നുണ്ട്.

കൂടാതെ, നിര്‍മ്മാണ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ പ്ലാന്റുകളിലെ ചില പ്രൊഡക്ഷന്‍ ലൈനുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും കമ്പനി ആലോചിക്കുന്നു.

2017-18 ല്‍ ലാഭത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ടാറ്റ മോട്ടോഴ്‌സ്.

പുതിയ കര്‍മ്മ പരിപാടികളുടെ ഭാഗമായി, ‘കണക്റ്റിംഗ് ആസ്പിറേഷന്‍സ്’ എന്ന ടാഗ്‌ലൈനോടെ ടാറ്റ മോട്ടോഴ്‌സ് പുതിയ ബ്രാന്‍ഡ് പ്രോമിസും അവതരിപ്പിച്ചിട്ടുണ്ട്.

അടുത്ത 6 മുതല്‍ 9 മാസങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന് നിര്‍ണ്ണായകമാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഗുന്ദര്‍ ബുഷെക് പറഞ്ഞു.

ആഭ്യന്തര കൊമേഴ്‌സ്യല്‍ വാഹന ബിസിനസ്സാണ് ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. വിപണിയില്‍ പുതിയ മോഡലുകള്‍ അതിവേഗം അവതരിപ്പിച്ച് മേല്‍ക്കോയ്മ നേടാനാണ് കമ്പനി ശ്രമിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കൊമേഴ്‌സ്യല്‍ വാഹന ബിസിനസ്സിന് 1,500 കോടി രൂപയാണ് ടാറ്റ മോട്ടോഴ്‌സ് നീക്കിവെച്ചിരിക്കുന്നത്.

മാത്രമല്ല, പത്ത് പുതിയ മോഡലുകളും കമ്പനി പുറത്തിറക്കും. ഇവയില്‍ ആറെണ്ണം മീഡിയം, ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളായിരിക്കും. ഇന്റര്‍മീഡിയറ്റ് കൊമേഴ്‌സ്യല്‍ വാഹന കാറ്റഗറിയിലും നാല് മോഡലുകള്‍ അവതരിപ്പിക്കും.

പാസഞ്ചര്‍ വാഹന ബിസിനസ്സില്‍ 2,500 കോടി രൂപയുടെ നിക്ഷേപമാണ് ടാറ്റ മോട്ടോഴ്‌സ് നടത്തുന്നത്. എന്നാല്‍ ഈ സെഗ്‌മെന്റില്‍ ഏതൊക്കെ മോഡലുകളാണ് പുറത്തിറക്കുകയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

കോപാംക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ അടുത്ത മാസം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഎംപി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ മോഡല്‍ 2019-ഓടെ വിപണിയിലെത്തിക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി.

Top