ഹാരിയറില്‍ ഇനി സണ്‍റൂഫും. . .

ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി. എസ്.യു.വി ഉപയോക്താക്കള്‍ക്ക് സണ്‍ റൂഫിനോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞാണ് ‘ഹാരിയറി’ലും ഈ സൗകര്യം ലഭ്യമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ് നടപടിയെടുത്തത്. വെബാസ്റ്റൊ നിര്‍മിച്ച എച്ച് 300 വൈദ്യുത സണ്‍റൂഫിന് 95,100 രൂപയാണു വില. ഇതു ഘടിപ്പിക്കാനുള്ള ചെലവുകള്‍ പ്രത്യേകം ഈടാക്കും.

പുതിയ ഹാരിയറിനൊപ്പം നിലവിലുള്ള വാഹന ഉടമകള്‍ക്കും ഈ നിരക്കില്‍ സണ്‍റൂഫ് ഘടിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് അവസരമൊരുക്കുന്നുണ്ട്. കൂടാതെ രണ്ടു വര്‍ഷം നീളുന്ന വാറന്റിയും സണ്‍റൂഫിനു ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. 2019 ജനുവരിയില്‍ പുറത്തിറങ്ങിയ ഹാരിയറിന്റെ വില്‍പ്പന ഇതുവരെ 10,000 യൂണിറ്റ് കടന്നിട്ടുണ്ട്.

ദീപാവലി, നവരാത്രി ഉത്സവകാലം പ്രമാണിച്ച് ടാറ്റ മോട്ടോഴ്‌സ് ഹാരിയറിന്റെ ഡാര്‍ക്ക് എഡീഷന്‍ പുറത്തിറക്കുമെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നു. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എന്‍ജിനും ഹാരിയറില്‍ ഇടംപിടിക്കുമെന്ന വാര്‍ത്തകളും എത്തുന്നുണ്ട്. കൂടാതെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഹാരിയറും വൈകില്ലെന്നാണു പ്രതീക്ഷ. 2019 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഏഴു സീറ്റുള്ള ഹാരിയന്റെ ബസാഡും ഉടന്‍ വിപണിയിലെത്തും.

Top