വൈദ്യുത വാഹന സാങ്കേതികവിദ്യയ്ക്കായി ടാറ്റ മോട്ടോഴ്‌സിന്റെ സിപ്‌ട്രോണ്‍

സിപ്‌ട്രോണ്‍ എന്ന പേരില്‍ വൈദ്യുത വാഹന സാങ്കേതികവിദ്യയ്ക്കായി ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് രംഗപ്രവേശം ചെയ്യുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തോടെ പുതിയ ബ്രാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുത വാഹനങ്ങള്‍ക്കു ഗണ്യമായ വില്‍പ്പന കൈവരിക്കാനും പുത്തന്‍ സാങ്കേതികവിദ്യകള്‍ ന്യായവിലയ്ക്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കാനുമുള്ള ടാറ്റയുടെ ആദ്യ ശ്രമമാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

കാര്യക്ഷമതയേറിയ ഹൈ വോള്‍ട്ടേജ് സിസ്റ്റം, മികച്ച പ്രകടനക്ഷമത, ദീര്‍ഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാര്‍ജിങ് എന്നിവയൊക്കെയാണു സിപ്‌ട്രോണിന്റെ മികവായി ടാറ്റ മോട്ടോഴ്‌സ് നിരത്തുന്നത്. ഒപ്പം ബാറ്ററിക്ക് എട്ടു വര്‍ഷ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പോരെങ്കില്‍ സിപ്‌ട്രോണ്‍ ശ്രേണി ഐ പി 67 നിലവാരം പാലിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് ഉറപ്പു നല്‍കുന്നു. പത്തു ലക്ഷത്തോളം കിലോമീറ്റര്‍ പരീക്ഷണ ഓട്ടത്തിലൂടെ മികവ് തെളിയിച്ചാണ് സിപ്‌ട്രോണ്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തി.

ആഗോള എന്‍ജിനീയറിങ് ശൃംഖലയുടെ പിന്‍ബലത്തോടെ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ബ്രാന്‍ഡാണു സിപ്‌ട്രോണെന്നും അത്യാധുനിക വൈദ്യുത വാഹന സാങ്കേതികവിദ്യയെ സിപ്‌ട്രോണ്‍ ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ്ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെര്‍ ബട്‌ഷെക് അഭിപ്രായപ്പെട്ടു. പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ വൈദ്യുത വാഹന തരംഗം തന്നെ സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top