സാമ്പത്തിക മാന്ദ്യം; ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പനയിലും ഇടിവ്

ന്യൂഡല്‍ഹി:രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്ന വേളയില്‍ മുഴുവന്‍ വാഹന നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ ആഗോള വില്‍പ്പനയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പടെ 72,624 വാഹനങ്ങളാണ് കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം 1,07,030 യൂണിറ്റുകള്‍ വിറ്റസ്ഥാനത്താണ് ഈ കുറവുണ്ടായിരിക്കുന്നത്‌.

ടാറ്റാ മോട്ടോഴ്‌സ് കോമേഴ്ഷ്യല്‍ വാഹനങ്ങളുടെയും ടാറ്റാ ദെയ്‌വുവിന്റെയും വില്‍പ്പന 45 ശതമാനം കുറഞ്ഞു. ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 61,328 യൂണിറ്റുകളില്‍ നിന്ന് 47,098 യൂണിറ്റുകളായാണ് കുറഞ്ഞത്.

രാജ്യത്തെ വാഹന വില്‍പ്പന 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 1997- 98 കാലഘട്ടത്തിന് ശേഷം പാസഞ്ചര്‍ വാഹന വിപണിയില്‍ ഇത്രയും കുറഞ്ഞ വില്‍പ്പന നിരക്ക് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇതു കൂടാതെ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്.

Top