tata motors enters bolivia launch commercial vehicle

ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ ബൊളീവിയയിലും വില്‍പ്പനയ്‌ക്കെത്തി.

ആദ്യ ഘട്ടമെന്ന നിലയില്‍’സൂപ്പര്‍ എയ്‌സ് പെട്രോള്‍’, ‘സീനോണ്‍ പെട്രോള്‍’ പിക് അപ്, ‘എല്‍ പി ടി 613’ ട്രക്ക് എന്നിവയാണ് സാന്റ ക്രൂസില്‍ വില്‍പ്പനയ്‌ക്കെത്തിയത്.

വൈകാതെ ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ ലാ പാസിലും കൊച്ചബാംബയിലും വില്‍പ്പനയ്‌ക്കെത്തും. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളായ ചിലെയിലും ഇക്വഡോറിലും നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്.

ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ അതിവേഗം വളരുന്ന വിപണിയായ ബൊളീവിയയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന വിഭാഗം രാജ്യാന്തര ബിസിനസ് മേധാവി രുദ്രപ്രതാപ് മൈത്ര അഭിപ്രായപ്പെട്ടു.

കമ്പനിയോട് ആവേശവും താല്‍പര്യവും കാണിക്കുന്ന ബൊളീവിയന്‍ ഓട്ടോ മോട്ടോഴ്‌സിനെ പ്രാദേശിക പങ്കാളിയായി ലഭിച്ചത് ടാറ്റ മോട്ടോഴ്‌സിനുനേട്ടമായിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സിനെ പോലെ ഉപഭോക്തൃ സേവനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന കമ്പനിയാണു ബൊളീവിയന്‍ ഓട്ടോ മോട്ടോഴ്‌സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ വിപണനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് ബൊളീവിയന്‍ ഓട്ടോ മോട്ടോഴ്‌സ് പ്രസിഡന്റ് ജോണി സല്‍വടിയര വ്യക്തമാക്കി. ബൊളീവിയയില്‍ ടാറ്റ മോട്ടോഴ്‌സ് ബ്രാന്‍ഡിനെ വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇടപാടുകാര്‍ക്കു മികച്ച വാഹനങ്ങള്‍ക്കൊപ്പം കിടയറ്റ സേവനവും ലഭിക്കുന്നെന്ന് ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Top