tata motors conduct raids to curb counterfeit spare parts

വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില്‍പനയും വിപണനവും തടയാന്‍ ടാറ്റ മോട്ടോഴ്‌സും രംഗത്ത്.

കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 19 കേന്ദ്രങ്ങളില്‍ കമ്പനി പരിശോധന നടത്തി. വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കെതിരെ 2012-13 ല്‍ തുടക്കമിട്ട നടപടികളുടെ തുടര്‍ച്ചയാണിതെന്നു ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.

കമ്പനിയുടെ ലീഗല്‍ ടീമും സ്‌പെയര്‍ പാര്‍ട്‌സ് വിഭാഗവും റെയ്ഡ് നടത്താന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികളും ചേര്‍ന്നാണു പരിശോധന നടത്തിയത്.

ടാറ്റ മോട്ടോഴ്‌സിന്റെ വ്യാജ സ്‌പെയര്‍ പാര്‍ട്‌സും പായ്ക്കിങ് സാമഗ്രികളും സ്റ്റിക്കറുകളുമൊക്കെ നിര്‍മിക്കുന്ന അഞ്ചു സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ ടാറ്റ മോട്ടോഴ്‌സ് പൊലീസില്‍ പരാതി നല്‍കി.

ന്യൂഡല്‍ഹി, മുംബൈ, ജയ്പൂര്‍, വിജയവാഡ തുടങ്ങിയ പ്രമുഖ നഗരങ്ങള്‍ക്കൊപ്പം ചെറിയ പട്ടണങ്ങളിലും പരിശോധന നടത്തിയിരുന്നു.

വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഉപയോഗം വാഹന ഉപയോക്താക്കള്‍ക്കു ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് ആന്‍ഡ് ഗ്ലോബല്‍ ഹെഡ് (കസ്റ്റമര്‍ കെയര്‍), കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് സഞ്ജീവ് ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

ക്ലച് പാര്‍ട്‌സ്, ഫില്‍റ്റര്‍, ഗീയര്‍ ബോക്‌സ് പാര്‍ട്‌സ് തുടങ്ങിയവയുടെ വ്യാജ സ്‌പെയറുകള്‍ ഉപയോഗിക്കുന്നത് വാഹനത്തിന്റെ ആയുസ്സ് കുറയ്ക്കാന്‍ ഇടയാക്കും. മാത്രമല്ല, വ്യാജ സ്‌പെയര്‍ പാര്‍ട്‌സ് ഉപയോഗം മൂലമുള്ള വാഹനാപകടങ്ങളുടെ എണ്ണവും കൂടുന്നുണ്ട്.

യഥാര്‍ഥ സ്‌പെയര്‍ പാര്‍ട്‌സ് ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും വ്യാജ സ്‌പെയര്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ടാറ്റ മോട്ടോഴ്‌സ് വ്യാപക ബോധവല്‍ക്കരണ പരിപാടി നടത്തുന്നുണ്ട്.

വാഹനവില്‍പ്പനക്കാര്‍ക്കും മെക്കാനിക്കുകള്‍ക്കുമായി യഥാര്‍ഥ ടാറ്റ പാര്‍ട്‌സ് തിരിച്ചറിയാനുള്ള ക്യാംപെയ്‌നുകള്‍ കമ്പനി സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം 300 പരിപാടികളിലായി ഏഴായിരത്തോളം പേര്‍ പങ്കെടുത്തതായും ഗാര്‍ഗ് അറിയിച്ചു.

കൂടാതെ ഗീയര്‍, ഡിഫറന്‍ഷ്യല്‍ പാര്‍ട്‌സുകളിലെ കൃത്രിമം തടയാന്‍ സഹായിക്കുന്ന പ്രത്യേകതരം പ്ലാസ്റ്റിക് പാക്കേജിങ്ങും ടാറ്റ ജനുവിന്‍ പാര്‍ട്‌സ് (ടിജിപി) ടീം വികസിപ്പിച്ചിട്ടുണ്ട്.

ലേസര്‍ മാര്‍ക്കിങ്ങുള്ള ടാറ്റ ലോഗോയ്ക്കു പുറമെ സുരക്ഷാ സംവിധാനമുള്ള പാക്കേജിങ് സ്റ്റിക്കറും ലേബലും പായ്ക്കുകളില്‍ ടാറ്റ ധാല്‍ ഹോളോഗ്രാമുമൊക്കെ ടിജിപി ടീം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top