ഇലക്ട്രിക് വാഹനലോകത്ത് പുതു ചരിത്രം കുറിച്ച് ടാറ്റ എക്സ്പ്രസ് ടി ഇവി

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ ഓർഡർ സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയിൽ നിന്നാണ് 10000 എക്സ്പ്രസ് ടി ഇവി യൂണിറ്റുകൾക്കുള്ള ഓർഡർ ടാറ്റയ്ക്ക് ലഭിച്ചത്. വാഹനങ്ങളുടെ വിതരണത്തിനായുള്ള ധാരണാപത്രം ഇരുകമ്പനികളും ഒപ്പുവച്ചു. കഴിഞ്ഞ നവംബറിൽ ലഭിച്ച 3500 യൂണിറ്റുകൾക്കായുള്ള കരാറിന് പുറമെയാണ് പുതിയ ഓർഡർ.

ഡൽഹി എൻ‌സി‌ആറിൽ ഓൾ ഇലക്‌ട്രിക് റൈഡ് ഹെയ്‌ലിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ബ്ലൂസ്‌മാർട്ട് മൊബിലിറ്റി. ഇലക്ട്രിക് വാഹനങ്ങളിൽ 50 ദശലക്ഷത്തിലധികം ക്ലീൻ കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ടെന്നും ഇതുവരെ 1.6 ദശലക്ഷം റൈഡുകൾ പൂർത്തിയാക്കിയെന്നുമാണ് ബ്ലൂസ്മാർട്ട് മൊബിലിറ്റി അവകാശപ്പെടുന്നത്.

ടാറ്റ എക്സ്പ്രസ് – ടി ഇ വി

ടാക്സി വിഭാഗത്തിനായി ടാറ്റ പുറത്തിക്കിയ പ്രത്യേക ഇലക്ട്രിക് ബ്രാൻഡാണ് എക്സ്പ്രസ്. ഈ ശ്രേണിയിലെ ആദ്യ മോഡലാണ് എക്സ്പ്രസ് – ടി ഇ വി. ഒറ്റ ചാർജിൽ 213 കിലോമീറ്റർ ഓടുന്ന ബാറ്ററി പായ്ക്കോടെയാണ് കാറിന്റെ വരവ്. കാറിലെ 21.5 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നൂറ്റിപ്പത്ത് മിനിറ്റിനുള്ളിൽ 80 ശതമാനത്തോളം ചാർജ് ചെയ്യാനാവുകും. സിംഗിൾ സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ഇരട്ട എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക് സംവിധാനം തുടങ്ങിയവയും എക്സ്പ്രസ് – ടി ഇ വിയിലുണ്ട്. പ്രീമിയം ബ്ലാക്ക് തീമിലുള്ള ഇന്റീരിയറുള്ള കാറിൽ ഇലക്ട്രിക് ബ്ലൂ അക്സെന്റുകളും നൽകിയിട്ടുണ്ട്.

Top