പുതിയ മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് അവതരിപ്പിച്ച് ടാറ്റ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ആംബുലന്‍സ് വിഭാഗത്തില്‍ മാജിക് എക്‌സ്പ്രസ് അവതരിപ്പിച്ചു. ആരോഗ്യമേഖലയില്‍ മികച്ച സേവനങ്ങള്‍ വാഗദാനം ചെയ്യാനാണ് മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് പുറത്തിറക്കിയിരിക്കുന്നത്.

പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് ഇത് വളരെയധികം ഉപകരിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലെ റോഡുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളോടെയാണ് ഇവയുടെ നിര്‍മ്മാണം.

ആവശ്യമായ സ്ഥലം സൗകര്യങ്ങളോടെയും സുരക്ഷയോടെയും വാഹനത്തില്‍ രോഗികള്‍ക്കും അറ്റന്‍ഡന്റുമാര്‍ക്കും യാത്ര ചെയ്യാനാകും. AIS 125 മാനദണ്ഡമനുസരിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം എന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ വിപുലമായ വാഹന നിര ഒരുക്കുന്ന നിര്‍മാതാക്കളിലൊന്നാണ് ടാറ്റ മോട്ടോര്‍സ്. മാജിക് എക്‌സ്പ്രസ് ആംബുലന്‍സ്, ടാറ്റ വിംഗര്‍ ആംബുലന്‍സ് എന്നിവ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളായ ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട്, മള്‍ട്ടി സ്‌ട്രെച്ചര്‍ 410/29 ആംബുലന്‍സ് തുടങ്ങിയവ നല്‍കുന്നു.

ഓട്ടോ ലോഡിംഗ് സ്‌ട്രെച്ചര്‍, മെഡിക്കല്‍ ക്യാബിനറ്റ്, ഓക്‌സിജന്‍ സിലിണ്ടര്‍, ഡോക്ടര്‍മാര്‍ക്കുള്ള സീറ്റ്, ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍, ലൈറ്റിംഗ്, തീപിടുത്തത്തെ പ്രതിരോധിക്കുന്ന ഇന്റീരിയര്‍, അനൗണ്‍സ്‌മെന്റ് സംവിധാനം തുടങ്ങിയവ സഹിതമാണ് മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് വിപണിയിലെത്തുന്നത്. AIS 125 അംഗീകാരമുള്ള റെട്രോ റിഫ്‌ലക്റ്റീവ് ഡെക്കലുകള്‍, സൈറണ്‍ സഹിതമുള്ള ബീക്കണ്‍ ലൈറ്റ് എന്നിവ വാഹനത്തിലുണ്ട്. ഡ്രൈവറുടെയും രോഗികളുടെയും കമ്പാര്‍ട്ട്‌മെന്റുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. ഇത് യാത്രചെയ്യുന്നവരുടെ സുരക്ഷ പ്രത്യേകിച്ച് കൊവിഡ് കാലത്ത് ഉറപ്പാക്കുന്നതിന് സഹായിക്കുന്നു.

800 സിസി TCIC എന്‍ജിനാണ് വാഹനത്തില്‍ വരുന്നത്. ഇത് 44 bhp കരുത്തും 110 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഈ വാഹനത്തിന്റെ പ്രവര്‍ത്തന ചെലവും കുറവാണ്. കുറഞ്ഞ പ്രവര്‍ത്തനച്ചെലവിനോടുമൊപ്പം ഉയര്‍ന്ന ലാഭക്ഷമത, മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി എന്നീ ടാറ്റ മോട്ടോര്‍സിന്റെ അടിസ്ഥാനതത്വത്തില്‍ നിന്നുള്ള മാനദണ്ഡപ്രകാരമാണ് വാഹനത്തിന്റെ നിര്‍മ്മാണം.

ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ വകുപ്പുകള്‍, എന്‍ജിഒകള്‍, ആരോഗ്യ മേഖലയുടെ ഭാഗമായ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ആംബുലന്‍സ് ആണ് മാജിക് എക്‌സ്പ്രസ്. രണ്ടുവര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ വാറണ്ടിയും വാഹനത്തിനും ലഭ്യമാണ് എന്ന് കമ്പനി വ്യക്തമാക്കി.

 

Top