ടാറ്റ HBX അവതരണം വൈകും

HBX എന്ന മിനി എസ്‌യുവി കണ്‍സെപ്റ്റ് മോഡലിനെ 2020 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും മറ്റും ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 യും, ലോക്ക്ഡൗണും പദ്ധതിയില്‍ കാലതാമസം വരുത്തി എന്ന് വേണം പറയാന്‍.

വാഹത്തിന്റെ അവതരണം വരും വര്‍ഷത്തേക്ക് മാറ്റിയതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2021 മെയ് മാസത്തോടെ മാത്രമാകും വാഹനം വിപണിയില്‍ എത്തുകയെന്ന് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. വലിയ എസ്‌യുവി വാഹനങ്ങളുടെ തലയെടുപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ്, നേര്‍ത്ത ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മുൻവശത്തെ പ്രധാന സവിശേഷതകൾ. ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്.

ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് കരുത്ത് നല്‍കുന്ന അതേ പെട്രോള്‍ എഞ്ചിന്‍ തന്നെ മോഡലിലും ഇടംപിടിച്ചേക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 85 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്സ്. ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നുണ്ട്. കണ്‍സെപ്റ്റ് മോഡലില്‍ ഡ്യുവല്‍ ടോണ്‍ റൂഫ് ക്യാരിയറും നല്‍കിയിട്ടുണ്ട്.

ശ്രേണിയിലെ ഫസ്റ്റ് ഫീച്ചറുകളുള്ള അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, , ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നീ ഫീച്ചറുകള്‍ അകത്തളത്തെയും സമ്പന്നമാക്കുന്നവയാണ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4.5 മുതല്‍ 7.5 ലക്ഷം രൂപ വരെ വാഹനത്തിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയാകും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍.

Top