H5X എന്ന പേരില്‍ ടാറ്റ അവതരിപ്പിച്ച ഹാരിയര്‍ എസ്‌യുവി അടുത്തവര്‍ഷം വിപണിയില്‍

ട്ടോ എക്‌സ്‌പോയില്‍ H5X എന്ന പേരില്‍ ടാറ്റ അവതരിപ്പിച്ച ഹാരിയര്‍ എസ്‌യുവി അടുത്തവര്‍ഷം ജനുവരിയില്‍ വിപണിയിലെത്തും. ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും കൊണ്ടുവരാന്‍ കമ്പനി ഒരുങ്ങുന്നുണ്ട്. മോഡലിന് 13 മുതല്‍ 18 ലക്ഷം രൂപവരെ വില കരുതുന്നതില്‍ തെറ്റില്ല.

വിപണിയില്‍ ഹാരിയറിനുള്ള ഇടം സൃഷ്ടിക്കാനുള്ള ഒരുക്കങ്ങള്‍ ടാറ്റ തുടങ്ങി. ആരാധകരുടെ ആകാംഷ ഉയര്‍ത്തി എസ്‌യുവിയുടെ പുതിയ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു. കഠിന പ്രതലങ്ങള്‍ മികവോടെ പിന്നിടുന്ന ഹാരിയറാണ് വീഡിയോയില്‍. ഇതിനോടകം 22 ലക്ഷം കിലോമീറ്റര്‍ ഹാരിയര്‍ വിജയകരമായി പരീക്ഷണയോട്ടത്തില്‍ പിന്നിട്ടെന്ന് കമ്പനി വ്യക്തമാക്കി.

ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വന്‍സ്ഡ് ആര്‍കിടെക്ച്ചറാണ് (OMEGARC) ഹാരിയര്‍ ഉപയോഗിക്കുന്നത്.
പ്രശസ്ത ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചറാണ് OMEGARC ന് ആധാരം. ശബ്ദവും വിറയലും മറ്റു അസ്വാരസ്യങ്ങളും പരമാവധി കുറയ്ക്കാന്‍ പ്രത്യേക പാനലുകള്‍ OMEGARC അടിത്തറയിലുണ്ട്.

കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ ലഭിക്കുന്ന ആദ്യ മോഡലാകും ഹാരിയര്‍. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പതിപ്പുകള്‍ ഹാരിയറിന് ലഭിക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ അകത്ത് മുഖ്യാകര്‍ഷണങ്ങളായിരിക്കും.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ടാറ്റ ഹാരിയറില്‍ തുടിക്കുക. ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. മോഡലിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉല്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Top