പുതിയ കിടിലൻ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി ചേര്‍ത്ത് ടാറ്റ ഹാരിയർ

മിഡ്-സൈസ് എസ്‌യുവി സ്‌പെയ്‌സിലെ ഏറ്റവും ശക്തമായ വാഹന മോഡലുകളിൽ ഒരാളാണ് ടാറ്റ ഹാരിയർ. ശക്തമായ റോഡ് സാന്നിധ്യം, പ്രബലമായ ബാഹ്യ സ്റ്റൈലിംഗ്, താരതമ്യേന വിശാലമായ ക്യാബിൻ, പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗ് എന്നിവയാണ് ഹാരിയറിന്റെ പ്രധാന ഹൈലൈറ്റുകളിൽ ചിലത്. ഇപ്പോഴിതാ പുതിയൊരു ഹാരിയര്‍ കൂടി വിപണിയിലേക്ക് എത്തുകയാണ്. അഡാസ് അഥവാ അഡ്വാൻസ്‍ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റവും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും അടങ്ങിയ പുതിയ ടാറ്റ ഹാരിയറാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

2023 ജനുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലാണിത്. ഈ എസ്‌യുവി ബ്ലാക്ക്, ബ്ലൂ, ട്രോപ്പിക്കൽ മിസ്റ്റ്, റെഡ്, വൈറ്റ്, ഗ്രേ എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ ചേഞ്ച് അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, റിയർ കോളിഷൻ തുടങ്ങിയ നിരവധി അഡ്വാൻസ്‍ഡ് ഡ്രൈവർ-അസിസ്റ്റൻസ് സവിശേഷതകകൾ പുതിയ ടാറ്റ ഹാരിയറിനു ലഭിക്കും. എസ്‌യുവിക്ക് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‌പി), ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും ലഭിക്കുന്നു.

കൂടാതെ, ടാറ്റ ഹാരിയർ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റിനൊപ്പം അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. ഇതുവരെ, ഒരു മാനുവൽ ഗിയർബോക്സും ഒരു ടോർക്ക് കൺവെർട്ടറും മാത്രമാണ് വാഹനത്തിൽ ലഭ്യമായിരുന്നത്. ട്രാൻസ്മിഷൻ 167 എച്ച്പിയും 350 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്ന ക്രിയോടെക് 170 ടർബോചാർജ്ഡ് ബിഎസ്6 ഫേസ് 2 ഡീസൽ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു.

പുതുക്കിയ ടാറ്റ ഹാരിയറിനായുള്ള ബുക്കിംഗ് ഇപ്പോൾ തുറന്നിരിക്കുന്നു. ജീപ്പ് കോംപസ്, XUV700, എംജി ഹെക്ടർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകള്‍ ടാറ്റ ഹാരിയറിന് എതിരാളികളാണ്.

Top