Tata group launches e-commerce portal TataCLiQ

മുംബൈ: 148 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റാ ഗ്രൂപ്പ് പുതിയ സംരംഭവുമായെത്തുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് ടാറ്റാക്ലിക് ഡോട്ട് കോം എന്ന പുതിയ സ്ഥാപനവുമായാണ് ടാറ്റയുടെ വരവ്. വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവയാണ് പുതിയ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റിലുണ്ടാവുക.

മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെപ്പോലെതന്നെ കസ്റ്റമേഴ്‌സിന് തങ്ങള്‍ക്കാവശ്യമായവ ഓര്‍ഡര്‍ ചെയ്യാം. വീട്ടില്‍ എത്തിക്കുകയോ അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയോ ഇടപാടുകാര്‍ക്ക് ഉത്പന്നങ്ങള്‍ കൈപ്പറ്റാന്‍ കഴിയും.

മുബൈയിലെ ടാറ്റാ സ്റ്റോറില്‍ നടന്ന ചടങ്ങില്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ട്രി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് ടാറ്റാക്ലിക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫിജിടെല്‍ സംവിധാനമാണ് ടാറ്റാ പുതിയ സംരംഭത്തിലൂടെ അവതരിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്കി സ്റ്റോറുകളില്‍നിന്നു കൈപ്പറ്റുന്ന രീതിയാണിത്. പോര്‍ട്ടലില്‍ ഓര്‍ഡര്‍ നല്‍കുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ സ്റ്റോര്‍ വഴിയാണ് ഷിപ്പ്‌മെന്റുകള്‍ നടക്കുക.

12 ബ്രാന്‍ഡുകളിലായി രാജ്യത്ത് അഞ്ഞൂറിലധികം സ്റ്റോറുകള്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനത്തോടെ പ്രവര്‍ത്തനസജ്ജമാണ്. ഇത് വൈകാതെ 2000 ആയി വര്‍ധിപ്പിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

രാജ്യത്തെ 23 സംസ്ഥാനങ്ങിളിലെ 689 സിറ്റികളില്‍ ടാറ്റാക്ലിക്കിന്റെ സേവനം ലഭ്യമായിരിക്കും. 6,856 പിന്‍കോഡുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. വരും മാസങ്ങളില്‍ ഘട്ടംഘട്ടമായി വിപുലീകരണവും ഉണ്ടാകും. 99 രൂപ മുതല്‍ വില ആരംഭിക്കുന്ന രണ്ട് ലക്ഷത്തില്‍പരം ഉത്പന്നങ്ങള്‍ പോര്‍ട്ടലില്‍ വിന്യസിച്ചിട്ടുണ്ട്.

Top