എയർ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം ഉയർത്തി ടാറ്റാ ​ഗ്രൂപ്പ്

ൽഹി : എയർ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം 51 ശതമാനത്തിൽ നിന്ന് 83.67 ശതമാനമായി ഉയർത്തിയാതായി ടാറ്റാ ​ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. എയർ ഏഷ്യ ബെർഹാദിൽ നിന്ന് 276.29 കോടി രൂപയ്ക്ക് 32.67 ശതമാനം ഓഹരിയാണ് ടാറ്റാ ​ഗ്രൂപ്പ് വാങ്ങിയത്. ടാറ്റയും എയർ ഏഷ്യ ഗ്രൂപ്പും തമ്മിലുള്ള 51-49 എന്ന ക്രമത്തിലെ സംയുക്ത സംരംഭ പങ്കാളിത്തത്തോ‌ടെയാണ് എയർ ഏഷ്യ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. എയർലൈനിൽ പങ്കാളിയുടെ ശേഷിക്കുന്ന 16.33 ശതമാനം ഓഹരികളിൽ ടാറ്റ സൺസിന് കോൾ ഓപ്ഷനുമുണ്ട്.

ടാറ്റാ ഈ അവകാശം വിനിയോഗിക്കുമെന്നും അതുവഴി ടോണി ഫെർണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ ഗ്രൂപ്പ് 2021 മധ്യത്തോടെ മൊത്തത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തു കടക്കുമെന്നും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ വ്യോമയാന ബിസിനസ്സ് ഏകീകരിക്കുന്നതിനുള്ള ടാറ്റാ ​ഗ്രൂപ്പിന്റെ ആദ്യ നടപടിയായാണ് വ്യവസായ നിരീക്ഷകർ ഇതിനെ കാണുന്നത്. എയർ ഏഷ്യ ഇന്ത്യയ്ക്ക് പുറമെ ഫുൾ സർവീസ് വിമാനക്കമ്പനിയായ വിസ്താരയിൽ 51 ശതമാനം ഓഹരികളും ടാറ്റയ്ക്കുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ടാറ്റ ഇപ്പോൾ.

Top