കൊറോണക്കെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് ടാറ്റാ ട്രസ്റ്റ്; നല്‍കിയത് 500 കോടിരൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ടാറ്റ ട്രസ്റ്റ്. കൊവിഡ് 19 നെതിരായ പോരാട്ടത്തിന് 500 കോടി രൂപയാണ് ടാറ്റ ട്രസ്റ്റ് നല്‍കിയത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സക്കായി ശ്വസന സംവിധാനങ്ങള്‍, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശോധനാ കിറ്റുകള്‍, വൈറസ് ബാധിതരായ രോഗികള്‍ക്ക് വേണ്ടിയുള്ള മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കുക, ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പരിശീലനം എന്നിവക്ക് ഈ പണം വിനിയോഗിക്കുമെന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അറിയിച്ചു.

മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും കാഠിന്യമേറിയ വെല്ലുവിളിയായിട്ടാണ് കോവിഡ് 19 നെ കണക്കാക്കുന്നത്. ടാറ്റാ ട്രസ്റ്റ്‌സും ടാറ്റാ കമ്പനികളും രാജ്യത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇതിനുമുമ്പും രംഗത്തെത്തിയിട്ടുണ്ട്. ഈ നിമിഷം മറ്റേത് സമയത്തേക്കാളും വലുതാണെന്ന് രത്തന ടാറ്റ ട്വീറ്റ് ചെയ്തു.അതേസമയം ടാറ്റ സണ്‍സും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപയുടെ അധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Top