എസ്യുവി ശ്രേണിയിലേക്ക് വരവിനൊരുങ്ങി ടാറ്റ മോട്ടോഴ്‌സിന്റെ ഗ്രാവിറ്റാസ്

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ എസ്യുവി ശ്രേണിയിലേക്ക് എത്തിക്കാനൊരുങ്ങുന്ന ഏറ്റവും പുതിയ വാഹനമാണ് ഗ്രാവിറ്റാസ്. ടാറ്റയില്‍ നിന്നിറങ്ങി നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പാണ് ഗ്രാവിറ്റാസ്. വരവറിയിച്ചുള്ള ഈ വാഹനത്തിന്റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. വരുന്ന ഉത്സവ സീസണില്‍ ഗ്രാവിറ്റാസ് നിരത്തിലെത്തുമെന്നാണ് പുതിയ വിവരം.

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ഗ്രാവിറ്റാസിന്റെ മുന്‍ഗാമിയായ ഹാരിയറിനെക്കാള്‍ 63 എംഎം നീളവും 80 എംഎം വീതിയും ഈ വാഹനത്തിന് അധികമുണ്ടെന്നാണ് വിവരം.

ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. ഗ്രാവിറ്റാസിന് പുറമെ, മിനി എസ്യുവി ശ്രേണിയിലും സെഡാന്‍ ശ്രേണിയിലും ഒരു വാഹനം അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് ടാറ്റയെന്നാണ് സൂചന. കഴിഞ്ഞ ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ച എച്ച്ബിഎക്‌സ് കണ്‍സെപ്റ്റായിരിക്കും മിനി എസ്യുവി ശ്രേണിയിലെത്തുന്നത്.

Top