എല്ലീസ് പെറി സിക്സറടിച്ച് തകര്‍ത്ത കാറിന്റെ ചില്ല് സമ്മാനമായി നല്‍കി ടാറ്റ

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത് സൂപ്പര്‍ താരം എല്ലീസ് പെറിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഇതിനുപിന്നാലെ പെറിക്ക് ഒരു സര്‍പ്രൈസ് സമ്മാനവും ലഭിച്ചിരിക്കുകയാണ്. മാര്‍ച്ച് നാലിന് നടന്ന ആര്‍സിബി- യുപി വാരിയേഴ്സ് പോരാട്ടത്തിനിടെ എല്ലീസ് പെറി സിക്സറടിച്ച് ഡിസ്‌പ്ലേ കാറിന്റെ ചില്ല് തകര്‍ത്തിരുന്നു. ഈ ചില്ല് തന്നെ സമ്മാനമായി നല്‍കിയിരിക്കുകയാണ് കാറിന്റെ സ്‌പോണ്‍സര്‍മാരായ ടാറ്റ.

യുപി വാരിയേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ വണ്‍ഡൗണായി എത്തിയ എലിസെ പെറി 37 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും നാല് സിക്സുമടക്കമാണ് 58 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ താരം അടിച്ച സിക്സാണ് വൈറലായത്. 18.5 ഓവറില്‍ ദീപ്തി ശര്‍മ്മയുടെ അവസാന ഓവറിലാണ് പെറി പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പായിച്ചത്.എന്നാല്‍ ഈ പന്ത് നേരെ വന്ന് വീഴുന്നത് ഡിസ്പ്ലേ കാറിന് അടുത്താണ്. ശക്തമായ ഷോട്ട് കാറിന്റെ ജനലില്‍ വന്ന് പതിക്കുകയും ചില്ല് പൂര്‍ണമായി തകരുകയും ചെയ്തു. ഇതുകണ്ട പെറി തലയില്‍ കൈ വെക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പ്ലേ ഓഫ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനലിലെത്തിയിരുന്നു. സൂപ്പര്‍ താരം എല്ലീസ് പെറിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ആര്‍സിബിക്ക് തുണയായത്. ഒരു ഘട്ടത്തില്‍ മൂന്നിന് 23 റണ്‍സെന്ന നിലയില്‍ തകര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സിനെ 50 പന്തില്‍ 66 റണ്‍സെടുത്താണ് പെറി കരകയറ്റിയത്. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് വീഴ്ത്തിയും താരം തിളങ്ങി. മുംബൈയ്‌ക്കെതിരെ അഞ്ച് റണ്‍സിന്റെ ആവേശവിജയം സ്വന്തമാക്കിയ മത്സരത്തില്‍ പെറിയെയാണ് പ്ലേയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തതും.

Top