വിപണിയില്‍ പിടിമുറുക്കാന്‍ ടാറ്റ ഇ വി; 7500 കോടി രൂപയുടെ വിദേശ നിക്ഷേപം

വൈദ്യുത വാഹന(ഇ വി) നിര്‍മാണത്തിനായി ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ച ഉപസ്ഥാപനത്തില്‍ മൂലധനനിക്ഷേപം നടത്തുമെന്ന് ടി പി ജി റൈസ് ക്ലൈമറ്റും സഹ നിക്ഷേപകരായ എ ഡിക്യുവും പ്രഖ്യാപിച്ചു. കംപല്‍സറി കണ്‍വെര്‍ട്ട്ബ്ള്‍ ഇന്‍സ്ട്രമെന്റ് മാര്‍ഗത്തില്‍ 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഇരുകമ്പനികളും ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹന നിര്‍മാണ വിഭാഗത്തില്‍ നടത്തുക. ഇതുവഴി കമ്പനിയുടെ 11 മുതല്‍ 15% വരെ ഓഹരിയാണു നിക്ഷേപകര്‍ക്കു ലഭിക്കുക.

നിക്ഷേപത്തിന്റെ ആദ്യ ഗഡു മാര്‍ച്ച് 22നകം ലഭിക്കുമെന്നാണു പ്രതീക്ഷ. 2022 അവസാനത്തോടെ മൂലധന നിക്ഷേപം പൂര്‍ണമായും കൈമാറും. നിക്ഷേപത്തുക പരിഗണിക്കുമ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹന വിഭാഗത്തിന്റെ ഓഹരി മൂല്യം 910 കോടി ഡോളര്‍(ഏകദേശം 68,660 കോടി രൂപ) വരുമെന്നാണു കണക്ക്. ടാറ്റ മോട്ടോഴ്‌സിന്റെ നിക്ഷേപങ്ങളും ക്ഷമതയും പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തിയാവും ഇ വി നിര്‍മാണ വിഭാഗത്തിന്റെ പ്രവര്‍ത്തനം.

ഒപ്പം ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍(ബി ഇ വി)ക്കും ബി ഇ വി പ്ലാറ്റ്‌ഫോമുകള്‍ക്കും ബാറ്ററിയിലടക്കം അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കും ബാറ്ററി ചാര്‍ജിങ് രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമൊക്കെ കമ്പനിക്കു ലഭിക്കുന്ന നിക്ഷേപം വിനിയോഗിക്കും.

വരുന്ന അഞ്ചു വര്‍ഷത്തിനകം 10 വൈദ്യുത വാഹന മോഡലുകള്‍ സാക്ഷാത്കരിക്കാനാണു പുതിയ കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ സഹകരണത്തോടെ വൈദ്യുത വാഹന ചാര്‍ജിങ് മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനം കൈവരിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

വിപണിയെ തന്നെ ഉടച്ചു വാര്‍ക്കുന്ന വിധത്തിലുള്ള വൈദ്യുത വാഹന വ്യവസായം സാധ്യമാക്കാനുള്ള ഉദ്യമത്തില്‍ ടി പി ജി റൈസ് ക്ലൈമറ്റ് പങ്കാളിയാവുന്നതില്‍ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്ന ഉല്‍പന്നങ്ങളില്‍ കമ്പനി തുടര്‍ന്നും നിക്ഷേപം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 2030നകം രാജ്യത്തെ വൈദ്യുത വാഹന വ്യാപനം 30 ശതമാനത്തിലെത്തിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ കമ്പനി മികച്ച പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top