ടാറ്റാ എലക്സി വിപുലീകരിക്കും ; സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ മനോജ് രാഘവന്‍

കോഴിക്കോട്: ടാറ്റാ എലക്സി ഉടന്‍ വിപുലീകരിക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ മനോജ് രാഘവന്‍ പറഞ്ഞു. കേരള ടെക്‌നോളജി എക്‌സ്പോയുടെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ ബെംഗളൂരുവിലും തിരുവനന്തപുരത്തുമാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ജീവനക്കാരില്‍ പലരും മലബാറില്‍നിന്നുള്ളവരായിരുന്നു. അങ്ങനെയാണ് കോഴിക്കോട്ടേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്രവര്‍ത്തനമാരംഭിച്ച് ഒന്നരവര്‍ഷംകൊണ്ടുതന്നെ 300 ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. കോഴിക്കോട്ട് നടപ്പാക്കിയ സ്ത്രീകള്‍ക്കായുള്ള പ്രത്യേക പദ്ധതിയാണ് ‘പുനര്‍ജനി.’ വ്യത്യസ്ത കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ചുപോകേണ്ടിവന്ന സ്ത്രീകള്‍ക്ക് വീണ്ടും അവരുടെ കരിയര്‍ പുനരാരംഭിക്കാന്‍ അവസരം നല്‍കുന്നതാണ് ഈ പദ്ധതി.

കോഴിക്കോട്ടെ ഓഫീസില്‍ ജോലിചെയ്യുന്നവരില്‍ 50 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടുനിന്ന് ഒരു വിമാനം അകലെമാത്രമാണ് ഗള്‍ഫ്. വലിയ സാധ്യതയാണ് ഇത് ഈ നഗരത്തിനായി തുറന്നുനല്‍കുന്നത്. വൈദ്യുത വാഹന നിര്‍മാണമേഖലയില്‍ കോഴിക്കോട് എന്‍.ഐ.ടി.യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ടാറ്റ എലക്സി. ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി മേഖലകളിലും നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top