ടെസ്‍ലയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ല; ടാറ്റ മോട്ടോഴ്‍സ്

മേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ടെസ്‍ല ഈയിടെയാണ് തങ്ങളുടെ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തനം ബംഗളൂരുവില്‍ ആരംഭിച്ചത്. തുടർന്ന് ഇന്ത്യയിൽ ടെസ്‍ലയും ടാറ്റയും തമ്മിൽ ബന്ധം സ്ഥാപിക്കുന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ പാടെ തള്ളിയിരിക്കുകയാണ് ടാറ്റ. ടെസ്​ലയുടെ ഇന്ത്യന്‍ പ്രവേശനം ഉറപ്പിച്ചതു മുതല്‍ ഇന്ത്യയിലെ കൂട്ടാളിയെച്ചൊല്ലി നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട​ പേരായിരുന്നു ടാറ്റയുടേത്.

കഴിഞ്ഞ ദിവസം ഒരു ഹിന്ദി സിനിമാ ഗാനത്തിലെ രണ്ട് വരികൾ ഉദ്ധരിച്ച്​ ടാറ്റ മോട്ടോഴ്‍സിന്റെ ഇലക്ട്രിക് മൊബിലിറ്റി ചെയ്ത ട്വീറ്റ് ഈ ഊഹാപോഹങ്ങൾ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. വെൽക്കം ടെസ്‌ല, ടെസ്‌ല ഇന്ത്യ എന്നീ ഹാഷ്‌ടാഗുകളും അവർ പങ്കുവച്ചിരുന്നു. ഇതോടെ ടാറ്റയുടെ ഓഹരി മൂല്യത്തിൽ കുതിപ്പും രേഖപ്പെടുത്തി. എന്നാല്‍ പിന്നീട്​ ഈ ട്വീറ്റ് ഡിലീറ്റ്​ ചെയ്​ത് ടാറ്റ വാര്‍ത്തകളെ തള്ളുകയും ചെയ്‍തു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ടെസ്​ലയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ്​ ടാറ്റ പറയുന്നത്. ‘ഞങ്ങളുടെ പിവി (പാസഞ്ചർ വെഹിക്​ൾ) ബിസിനസ്സിനായുള്ള തന്ത്രപരമായ പങ്കാളിയെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. മാത്രമല്ല ഇത് സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളയുകയും ചെയ്യുന്നു’- ടാറ്റ ഔദ്യോഗികമായി പങ്കുവച്ച ട്വീറ്റിൽ പറയുന്നു. വൈദ്യുത വാഹന നിർമാണത്തിൽ ടാറ്റയും ടെസ്​ലയും തമ്മിൽ സഹകരിക്കുമെന്ന വാർത്തകൾക്കാണ് ഇതോടെ വിരാമമായത്​.

Top