എയർ ഇന്ത്യയ്ക്കായി ജാപ്പനീസ് വായ്പക്കാരായ എസ്എംബിസിയിൽ നിന്ന് 1,000 കോടി കടമെടുത്ത് ടാറ്റ

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ജാപ്പനീസ് വായ്പക്കാരായ എസ്എംബിസിയിൽ നിന്ന് 120 മില്യൺ ഡോളർ (9,99,17,94,000 രൂപ) കടമെടുത്തതായി റിപ്പോർട്ട്. എയർബസിൽ നിന്ന് വൈഡ് ബോഡി വിമാനം വാങ്ങുന്നതിനായാണ് എയർ ഇന്ത്യ വായ്പ വാങ്ങിയതെന്നാണ് റിപ്പോർട്ട്.

2023 ഒക്ടോബറിൽ ഡെലിവർ ചെയ്ത എ350-900 വിമാനം എയർബസിൽ നിന്ന് വാങ്ങുന്നതിന് ഈ ഇടപാട് ഭാഗികമായി ധനസഹായം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ജാപ്പനീസ് വായ്പക്കാരായ എസ്എംബിസി, ഇത് സിംഗപ്പൂർ ബ്രാഞ്ച് വഴി സുരക്ഷിതമായ കടബാധ്യതയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ബോയിംഗിൽ നിന്നും എയർബസിൽ നിന്നും മൊത്തം 470 വിമാനങ്ങൾ വാങ്ങാനുള്ള ടാറ്റയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ കടമെടുക്കൽ. എയർബസ് എ350-900 വിമാനത്തിന് 300 മില്യൺ ഡോളറിന് മുകളിലാണ് വില. അതായത് ഏകദേശം 2400 കോടിക്ക് മുകളിൽ

“ഈ ഇടപാടിലൂടെ ടാറ്റ ഗ്രൂപ്പുമായുള്ള ദീർഘകാല ബന്ധം പുതുക്കുന്നതിൽ എസ്എംബിസി ഗ്രൂപ്പിന് സന്തോഷമുണ്ട്,” എസ്എംബിസിയുടെ ഇന്ത്യയിലെ ഹെഡ് ഹിരോയുകി മെസാക്കി പറഞ്ഞു. എയർക്രാഫ്റ്റ് ഫിനാൻസ് ലീസിനായി ബാങ്കിന്റെ ആദ്യ ഇടപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയാണെന്നും, യാത്ര ചെയ്യാൻ ഫ്ലൈറ്റ് തെരഞ്ഞെടുക്കുന്ന മധ്യവർഗത്തിന്റെ താല്പര്യം കാരണം ഈ മേഖല ഗണ്യമായ വളർച്ച കൈവരിക്കുമെന്നും എസ്എംബിസി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം, ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യ റീബ്രാൻഡിംഗിലാണ്. ഇതിന്റെ ഭാഗമായി പുതിയ ലോഗോ എയർ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ എയർലൈനിന്റെ നിറവും മാറ്റിയിട്ടുണ്ട്. ചുവപ്പ്, വെള്ള, പർപ്പിൾ എന്നിങ്ങനെയാണ് പുതിയ നിറം. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുക. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കിയുന്നു.

Top