1,000 ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളുമായി ടാറ്റ

ദില്ലി: രാജ്യത്തുടനീളം 1,000 ഇലക്‌ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുമായി രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പവര്‍ കമ്പനിയായ ടാറ്റ പവര്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനി അതിവേഗം തങ്ങളുടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വിപുലീകരിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍, ടാറ്റ പവര്‍ HPCL-മായി പങ്കാളിത്തം പ്രഖ്യാപിച്ചപ്പോള്‍ ഏകദേശം 100 നഗരങ്ങളിലായി 500 ഓളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയിലാണ് ആദ്യമായി ടാറ്റ ഇവി ചാര്‍ജറുകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ അവര്‍ ഏകദേശം 180 നഗരങ്ങളിലെ ഒന്നിലധികം സംസ്ഥാന- ദേശീയ പാതകളിലും വിവിധ മാര്‍ക്കറ്റ് സെഗ്‌മെന്റുകളിലും സാന്നിധ്യമുണ്ട്. രാജ്യത്തെ വിവിധ ഹൈവേകളില്‍ 10,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കാനും അതുവഴി അവയെ ഇ-ഹൈവേകളാക്കി മാറ്റാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ വിവിധ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കുമായി ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുകയാണ് കമ്പനി. ഒന്നിലധികം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് യൂട്ടിലിറ്റികളുമായുള്ള പങ്കാളിത്തം ഇ-ബസ് ചാര്‍ജ്ജിംഗ് സുഗമമാക്കുന്നതിനും ഹരിത പൊതുഗതാഗതത്തിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും കമ്പനി പറയുന്നു.

Top