തച്ചങ്കരി രണ്ടും കല്‍പ്പിച്ച് തന്നെ, വിദേശത്ത് വമ്പന്‍ പര്യടനം, കെ.എസ്.ആര്‍.ടിസി ഇനി . .

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി വിദേശ പര്യടനം തുടരുന്നു. വന്‍ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ വിദേശത്ത് നിന്നും പുതിയ സഹായഹസ്തവുമായാണ് തച്ചങ്കരി കേരളത്തില്‍ തിരിച്ചെത്തുക. വിവിധ മേഖലകളിലായി വിദേശ പ്രതിനിധികള്‍ അടക്കമുള്ളവരുമായി തച്ചങ്കരി ഇതിനകം തന്നെ ചര്‍ച്ച നടത്തി. ടെല്‍ അവീവ് ട്രാഫിക് കണ്‍ട്രോള്‍ റൂമും അദ്ദേഹം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.

”ആനവണ്ടിയെ ലാഭത്തിലാക്കുക” എന്ന വെല്ലുവിളിയോടു കൂടിയാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി വിദേശ പര്യടനം നടത്തുന്നത്. കെ എസ് ആര്‍ ടി സിയെ ശുദ്ധീകരിക്കാന്‍ എം ഡി ടോമിന്‍ തച്ചങ്കരി ഇതു വരെ കൈക്കൊണ്ടത് നിര്‍ണായക തീരുമാനങ്ങള്‍ തന്നെയായിരുന്നു. പണിയെടുക്കാത്തവര്‍ക്ക് ഇനി മുതല്‍ കെ എസ് ആര്‍ ടി സിയില്‍ ശമ്പളമുണ്ടാകില്ലെന്ന് വരെ തീരുമാനമെടുത്തിരുന്നു. ജോലി ക്രമീകരണത്തിന്റെ പേരില്‍ 763 പേരെ ഒറ്റയടിക്ക് മൂന്നുമാസത്തേക്ക് സ്ഥലംമാറ്റിയും വരുമാന വര്‍ധന പ്രഖ്യാപിച്ചുമാണ് തച്ചങ്കരി കെ എസ് ആര്‍ ടിയെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

thachan 3

ഷണ്ടിങ് ഡ്യൂട്ടി നിര്‍ത്തലാക്കുന്നതിനും അദര്‍ ഡ്യൂട്ടിയിലുള്ള കണ്ടക്ടര്‍മാരെ തിരിച്ചുവിളിക്കുന്നതിനും റിസര്‍വേഷന്‍ കൂപ്പണ്‍ കണ്‍സഷന്‍ കൗണ്ടറുകളില്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ നിയമിച്ചതും പ്രത്യേക നിര്‍ദ്ദേശങ്ങളിലൊന്നാണ്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെ ആറുദിവസം പ്രതിദിനം 8.5കോടി വരുമാനമുയര്‍ത്തുന്നതിന് മുഴുവന്‍ ജീവനക്കാരെയും രംഗത്തിറക്കിയുള്ള കര്‍മപദ്ധതിയാണ് തച്ചങ്കരിക്കുള്ളത്.

ബസുകള്‍ ഒന്നിനുപിറകെ ഒന്നായി പോകുന്നത് ഒഴിവാക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെ പ്രധാന ജംങ്ഷനുകളിലും സ്റ്റോപ്പുകളിലും പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിച്ച് തുടങ്ങിയിട്ടുണ്ട്. പരമാവധി യാത്രക്കാരെ ബസുകളില്‍ കയറ്റുന്നതിന് ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ റോഡിലിറങ്ങണമെന്നാണ് അദ്ദേഹത്തിന്റെ കര്‍ശന നിര്‍ദ്ദേശം. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ കാബിനില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

2 nd ksrtc

ഇതിന് പുറമേ അതാത് ഡിപ്പോകളിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍മാര്‍, ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ യൂണിറ്റ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സമീപത്തെ ബസ് സ്റ്റോപ്പുകളും ജംങ്ഷനുകളും കേന്ദ്രീകരിച്ച് ബസുകളുടെ കോണ്‍വോയ് ഒഴിവാക്കുന്നതിന് ഇടപെടണമെന്നും നിര്‍ദേശമുണ്ട്. രാവിലെ ഏഴു മുതല്‍ 11വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഏഴുവരെയാണ് പോയന്റ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും.

കടക്കെണിയില്‍ നിന്നും കെ.എസ്.ആര്‍.ടിസിയെ രക്ഷിക്കാന്‍ എന്ത് മാന്ത്രിക പദ്ധതിയുമായാണ് തച്ചങ്കരി കേരളത്തില്‍ തിരിച്ചെത്തുന്നത് എന്നറിയാന്‍ സര്‍ക്കാരിനും താല്‍പ്പര്യമുണ്ട്. എല്ലാവരും കയ്യൊഴിഞ്ഞ കെ.എസ്.ആര്‍.ടി.സിക്ക് ജീവവായു കൊടുത്ത് മുന്നോട്ട് കുതിപ്പിക്കാന്‍ തച്ചങ്കരിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

Top