തരുൺ ഗൊഗൊയ്ക്ക് വിട

ൽഹി : മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 86-കാരനായ തരുൺ ഗൊഗോയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കോവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. ഗുവാഹത്തി മെഡിക്കൽ കോളേജിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുൺ ഗൊഗോയ്.

1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് നരസിംഹറാവുവിന്‍റെ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി.  പിന്നീട് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങിയ തരുൺ ഗൊഗോയ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. തിതബാർ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അദ്ദേഹം 2001-ൽ അസം മുഖ്യമന്ത്രിയായി. മികച്ച ഭരണം കാഴ്ച വച്ച അദ്ദേഹം, അതിന് ശേഷം മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

Top