കെ.പി.സി.സിയുടെ ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി; പകരം ദീപാ ദാസ് മുൻഷിക്ക് ചുമതല

ന്യൂഡൽഹി : കേരളത്തിന്റെ ചുമതലയിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. പകരം ദീപാ ദാസ് മുൻഷിക്ക് ചുമതല നൽകി. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാൽ തുടരും. കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിൽ ജയ്റാം രമേശ് തുടരും.

കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. സച്ചിൻ പൈലറ്റ് ഛത്തീസ്ഗഡിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയും തുടരും. പ്രിയങ്ക ഗാന്ധിയുടെ ചുമതല ഇതുവരെ നിശ്ചയിച്ചിട്ടില്ല.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ, പ്രാദേശിക പാര്‍ട്ടികളുമായി വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ശക്തമായ മുന്നറിയിപ്പ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

നരേന്ദ്ര മോദിയേയും ബിജെപിയേയും നേരിടുന്നതിന് പ്രതിപക്ഷ ഐക്യം വേണ്ടതിന്റെ ആവശ്യകത മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കള്‍ ഊന്നിപ്പറഞ്ഞു. പ്രതിപക്ഷ ഐക്യമില്ലാത്തതില്‍ തിരിച്ചടി നേരിട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മധ്യപ്രദേശ് ചൂണ്ടിക്കാട്ടപ്പെട്ടു. മധ്യപ്രദേശില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അത് മുതലാക്കാന്‍ കഴിയാതെപോയത് കമല്‍നാഥിന്റെ ധാര്‍ഷ്ഠ്യമാണെന്നുവരെ യോഗത്തില്‍ വിമര്‍ശനമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍.

Top