ബീഹാറിലെ കോൺഗ്രസ്സിൻ്റെ ദയനീയ പരാജയം, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻ്റെയും താരിഖ് അൻവറിൻ്റെയും നില പരുങ്ങലിലാക്കുന്നു. ബീഹാറിലെ പരാജയം, സംഘടനാപരമായ വീഴ്ചയുടെ ഭാഗമാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതു കൊണ്ട് തന്നെ കെ.സി വേണുഗോപാലിന് പകരം മറ്റൊരാൾക്ക് സംഘടനയുടെ ചുമതല നൽകണമെന്നതാണ് ആവശ്യം. കേരള ചുമതലയിൽ നിന്നും താരിഖ് അൻവറിനെ മാറ്റണമെന്ന ആവശ്യവും കോൺഗ്രസ്സിലുണ്ട്.
സ്വന്തം സംസ്ഥാനത്ത് പാർട്ടിയെ രക്ഷിക്കാൻ കഴിയാത്ത നേതാവ്, എങ്ങനെയാണ് കേരളത്തിൽ രക്ഷകനാകുക എന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു.ബീഹാർ പി.സി.സി പിരിച്ച് വിടണമെന്ന ആവശ്യവും കോൺഗ്രസ്സിൽ ശക്തമായിട്ടുണ്ട്.അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായതോടെയാണ് സംഘടനാ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി, കെ.സിയെ നിയമിച്ചിരുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണദ്ദേഹം. സോണിയ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന എ.കെ.ആന്റണിക്ക് പോലും, ഈ പദവി ലഭിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്. അടുത്തയിടെ പ്രവർത്തക സമിതിയിലേക്കും വേണു ഗോപാലിനെ തിരഞ്ഞെടുക്കുകയുണ്ടായി. ഇതെല്ലാം, രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നടന്നിരുന്നത്.
എൻ.സി.പി യിൽ നിന്നും മടങ്ങിയെത്തിയ താരിഖ് അൻവറിനെ ജനറൽ സെക്രട്ടറിയാക്കിയതും, രാഹുൽ മുൻകൈ എടുത്തിട്ടാണ്. ബീഹാറിലെ പരാജയത്തിന്, ഇവർക്കൊപ്പം രാഹുലും ഇപ്പോൾ പഴി കേൾക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രചരണം ഏശിയില്ലന്നതാണ് ആക്ഷേപം. തിരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്സിന്, 19 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. എന്നാൽ, 29 സീറ്റിൽ മാത്രം മത്സരിച്ച ഇടതുപക്ഷത്തിന് 16 സീറ്റുകളും നേടാനായിരുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡിയുടേയും ഇടത് പാര്‍ട്ടികളുടേയും പ്രകടനം വിലയിരുത്തുമ്പോള്‍, കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണുള്ളത്. ഇത് തന്നെയാണ് കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്, സംഘടനാ മികവ് വലിയ രൂപത്തിൽ ഗുണം ചെയ്തെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
ജനകീയ പ്രശ്നങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങളും ഇടതിനെ തുണച്ചു. ചുവപ്പിലെ വിശ്വാസ്യത, മുന്നണിയിലെ ആർ.ജെ.ഡിക്ക് നൽകിയ വോട്ടർമാർ, പക്ഷേ, അത് കോൺഗ്രസ്സിന് നൽകാൻ തയ്യാറായിട്ടില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡി, 75 സീറ്റുകളാണ് നേടിയിരിക്കുന്നത്. മഹാസഖ്യത്തിൽ നിന്നും മത്സരിക്കാൻ കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത, കോൺഗ്രസ്സിൻ്റെ അഹങ്കാരത്തിന് കൂടിയാണ് ബിഹാർ ജനത തിരിച്ചടി നൽകിയിരിക്കുന്നത്. ഇടതു പാർട്ടികൾക്ക് കൂടുതൽ സീറ്റുകൾ വിട്ടു നൽകാൻ കോൺഗ്രസ്സ് തയാറായിരുന്നെങ്കിൽ, ബീഹാർ നിഷ്പ്രയാസം മഹാ സഖ്യത്തിന് ഭരിക്കാമായിരുന്നു. ബീഹാറിൽ പ്രായോഗിക രാഷ്ട്രീയം പയറ്റുന്നതിൽ, കോൺഗ്രസ്സ് ഹൈക്കമാൻ്റ് ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്. കണക്കുകൾ നൽകുന്ന സൂചനയും അതു തന്നെയാണ്.
എൻ.ഡി.എയുടെ ഇപ്പോഴത്തെ വിജയം വളരെകുറഞ്ഞ വോട്ടുകൾക്കാണ്. എൻ.ഡി.എയും മഹാസഖ്യവും തമ്മിലുള്ള വോട്ട് വ്യത്യാസം, വെറും 0.03 ശതമാനം മാത്രമാണ്.3.14 കോടി പേരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1,57,01,226 വോട്ടുകൾ എൻ.ഡി.എക്കും, 1,56,88,458 വോട്ടുകൾ മഹാസഖ്യത്തിനുമാണ് ലഭിച്ചിരിക്കുന്നത്. ഇരു സഖ്യവും തമ്മിൽ, 12,768 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.അഞ്ച് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ, ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് സഖ്യം എൻ.ഡി.എ സഖ്യത്തേക്കാൾ, കൂടുതൽ നേടിയത് 29.6 വോട്ടുകളാണ്. വോട്ടിങ് ശതമാനമാകട്ടെ 7.8 ശതമാനവുമായിരുന്നു. എൻ.ഡി.എക്ക് 37.26 ശതമാനം വോട്ടുകളാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 37.23 ശതമാനം വോട്ടുകളും ലഭിച്ചിട്ടുണ്ട്. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, 123 സീറ്റുകളാണ് എൻ.ഡി.എ സഖ്യം നേടിയത്. മഹാസഖ്യം 110 സീറ്റുകളും നേടിയിട്ടുണ്ട്. അതേ സമയം, ബിഹാറിലെ വീഴ്ച തുറന്ന് പറഞ്ഞ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
ബിഹാറിലെ കാര്യങ്ങൾ, താൻ യഥാസമയം ഹൈക്കമാൻ്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടിയിൽ വിമർശനം കടുത്ത സാഹചര്യത്തിലാണ് ഈ പ്രതികരണം എന്നാൽ, ബീഹാറിൽ നിന്നുള്ള ഈ പ്രമുഖ നേതാവിൻ്റെ വാദം, കോൺഗ്രസ്സിലെ ഒരു വിഭാഗം അംഗീകരിക്കുന്നില്ല. ഇനി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളത്തിൻ്റെ ചുമതലയും, താരിഖ് അൻവറിനാണുള്ളത്. ഇത് ഇവിടുത്തെ കോൺഗ്രസ്സ് നേതാക്കളെയും ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.