ലക്ഷ്യം ഇന്ത്യ; ഭൂട്ടാനെതിരെ അതിര്‍ത്തി തര്‍ക്കത്തിനു തുടക്കമിട്ട് ചൈന രംഗത്ത്

ന്യൂഡല്‍ഹി: ഭൂട്ടാനെതിരെ അതിര്‍ത്തിത്തര്‍ക്കത്തിനു തുടക്കം കുറിച്ച് ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന. കിഴക്കന്‍ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതത്തിനു മേലാണ് ചൈന അവകാശവാദമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. ഭൂട്ടാനുമായി മുന്‍പുണ്ടായിരുന്ന അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈന ഒരിക്കല്‍പോലും തര്‍ക്കമുന്നയിക്കാത്ത പ്രദേശമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കിഴക്ക്, മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങളുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മുന്‍പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭൂട്ടാന്റെ കിഴക്കന്‍ മേഖലയില്‍ ചൈന അവകാശവാദമുന്നയിക്കുന്നത് ഇതാദ്യം. രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) സാക്തങ് വന്യജീവി സങ്കേതത്തിനു നല്‍കുന്ന ഫണ്ട് തടസ്സപ്പെടുത്താനും ചൈന ശ്രമിച്ചു.

പ്രദേശം തര്‍ക്കമേഖലയാണെന്നു വാദിച്ചായിരുന്നു ഇത്. ത്രശിഗങ് ജില്ലയിലുള്‍പ്പെട്ട സാക്തങ് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നു ഭൂട്ടാന്‍ വ്യക്തമാക്കി. ഇന്ത്യ ചൈന ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന മുക്കവലയാണ് സാക്തങ് ഉള്‍പ്പെട്ട ഭൂട്ടാന്റെ കിഴക്കന്‍ പ്രദേശം. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയോടു ചേര്‍ന്ന പ്രദേശമായ ഇവിടെ അവകാശവാദമുന്നയിക്കുന്നതിലൂടെ അരുണാചല്‍ അതിര്‍ത്തി ഉന്നമിട്ടുള്ള നീക്കമാണു ചൈന നടത്തുന്നത്. 3 രാജ്യങ്ങളും ചേരുന്നയിടത്തുള്ള ദോക്ലായില്‍ 2017ല്‍ ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചപ്പോള്‍ ഭൂട്ടാനു പിന്തുണയുമായി ഇന്ത്യ രംഗത്തുവന്നിരുന്നു.

Top