ഫോണ്‍ ചോര്‍ത്തല്‍; ഇന്ത്യ പോരെങ്കില്‍ ഇസ്രയേലിലും അന്വേഷിക്കണം:ഫഡ്‌നാവിസ്

തെരഞ്ഞെടുപ്പ് കാലത്ത് എന്‍സിപി, ശിവസേനാ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംസ്‌കാരത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ ഒരിക്കലും ഭാഗമായിട്ടില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

‘ഫോണ്‍ ചോര്‍ത്തല്‍ മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്‌കാരമല്ല, സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും അത്തരം ഉത്തരവുകള്‍ നല്‍കിയിട്ടില്ല. പരാതിപ്പെട്ടവരെ കുറിച്ച് പറഞ്ഞാല്‍, ഇവരെയൊക്കെ എത്രത്തോളം വിശ്വസിക്കാമെന്ന് എല്ലാവര്‍ക്കും അറിയാം’, ഫഡ്‌നാവിസ് വ്യക്തമാക്കി.

‘വിഷയത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്തണമെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് സത്യം അറിയാം. ശിവസേനയ്ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ ഒരു സഹമന്ത്രിയുണ്ട്. എത്രയും വേഗം ഈ വിഷയത്തില്‍ ഒരു അന്വേഷണം നടത്തി, റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ആവശ്യം വന്നാല്‍ ഇസ്രയേലിലും പോയി അന്വേഷണം നടത്തണം’, മുന്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് എന്‍സിപി മേധാവി ശരത് പവാര്‍, ശിവസേന മേധാവി ഉദ്ധവ് താക്കറെ, എംപി സഞ്ജയ് റൗത്ത് തുടങ്ങിയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് തുടക്കമിട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ ഫോണ്‍ ചോര്‍ത്തല്‍ താല്‍പര്യമുള്ളവര്‍ക്ക് സ്വാഗതം അരുളിയാണ് സഞ്ജയ് റൗത്ത് പ്രതികരിച്ചത്.

Top