ടാന്‍സാനിയയിലെ ബോട്ടപകടം: മരണ സംഖ്യ 136 കടന്നു, ക്യാപ്റ്റന്‍ അറസ്റ്റില്‍

കെനിയ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണ സംഖ്യ 136 കടന്നു. കപ്പല്‍ അപകടത്തിന് കാരണമായ ക്യാപ്റ്റനെയും, ഉത്തരവാദിത്തപ്പെട്ട എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

83e68ace71e3452481858390f2905b1b_18

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബുഗോരോരയില്‍ നിന്ന് പുറപ്പെട്ട ബോട്ട് വ്യാഴാഴ്ച ഉച്ചയോടെയാണ് ഉകാറ ദ്വീപിന് 50 മീറ്റര്‍ അകലെ വിക്ടോറിയ തടാകത്തില്‍ മുങ്ങിയത്. ബോട്ട് തീരത്ത് അടുക്കാറായപ്പോള്‍ യാത്രക്കാര്‍ ഇറങ്ങാന്‍ തയ്യാറായി ഒരുമിച്ച് ഒരുവശത്തേക്ക് മാറിയതാണ് അപകട കാരണമെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ മുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. ദ്വീപില്‍ ചന്തയുള്ള ദിവസമായതിനാല്‍ ബോട്ടില്‍ പതിവില്‍ കൂടുതല്‍ യാത്രക്കാരും സാധനങ്ങളും ഉണ്ടായിരുന്നു.

ടാന്‍സാനിയ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ആന്റ് സര്‍വീസ് ഏജന്‍സിക്കാണ് ഫെറി സര്‍വീസിന്റെ ചുമതല. എന്നാല്‍, ബോട്ടില്‍ എത്ര പേരുണ്ടായിരുന്നെന്ന് ഏജന്‍സിക്കും കൃത്യമായ വിവരങ്ങളില്ല. ദുരന്തത്തില്‍ ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗ്ഫുലി ദുഃഖം രേഖപ്പെടുത്തി.

Top