താനൂര്‍ കസ്റ്റഡി മരണം; കേസിലെ മുഴുവന്‍ വിവരങ്ങളും പുറത്ത് വന്നിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസിലെ മുഴുവന്‍ വിവരങ്ങളും പുറത്ത് വന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലക്കുകുട്ടി. മരണത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നു പുറത്തുവന്നിട്ടില്ല. ഉത്തരവാദികള്‍ ഏത് ഉന്നതര്‍ ആണെങ്കിലും മുഴുവന്‍ പേരെയും മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഉത്തരവാദികളെ മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

താനൂര്‍ കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമര്‍പ്പിച്ചു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികള്‍ എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിങ്ങനെയാണ് പ്രതിപട്ടിക. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിവരം.

Top