താനൂര്‍ കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് കേസ് രേഖകള്‍ ഇന്ന് സിബിഐക്ക് കൈമാറും

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. ക്രൈംബ്രാഞ്ച് കേസ് രേഖകള്‍ ഇന്ന് സിബിഐക്ക് കൈമാറും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഓഗസ്റ്റ് 9-നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

എന്നാല്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.

Top