താനൂര്‍ കസ്റ്റഡി മരണ കേസ്; പ്രതികള്‍ മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ് മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ 26-ാം തീയതിയാണ് നാലു പേരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കേസിലെ രണ്ടു പ്രതികളായ വിപിന്‍, ആല്‍ബിന്‍ ആഗസ്റ്റിന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നതായി താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി കുടുംബം ആരോപിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചിരുന്നു.

Top