താനൂര്‍ ബോട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായധനവുമായി ‘ആന്റണി’യുടെ അണിയറക്കാര്‍

ലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായ ഹസ്തവുമായി ആന്റണി സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിലേക്ക് മാറ്റിവെക്കും. അതോടൊപ്പം തന്നെ നിർമ്മാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസും ചേർന്ന് 11 ലക്ഷം രൂപ മരണപ്പെട്ടവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങള്‍ക്കുമായി നല്‍കും.

ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്. നാളെ രാവിലെ 10.30 ന് മലപ്പുറം കളക്റ്ററേറ്റില്‍ എത്തി നിര്‍മ്മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോളും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് കളക്ടർക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറും. നേരത്തെ ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വിതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം പൊറിഞ്ചു മറിയം ജോസ് എന്ന വിജയ ചിത്രത്തിനു ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. സുരേഷ് ഗോപി നായകനായ പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. വിജയരാഘവന്‍, ആശ ശരത്ത് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Top