തങ്കലാന്‍ റിലീസ് വീണ്ടും നീട്ടി; ചിത്രം ജനുവരിയില്‍ ഇല്ല

വിക്രം ചിത്രം തങ്കലാന്‍ റിലീസ് വീണ്ടും നീട്ടി. ജനുവരി 26ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രിലിലാണ് പ്രദര്‍ശനത്തിന് എത്തുക എന്നാണ് പുതിയ വിവരം. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജി വി പ്രകാശ് കുമാറാണ്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാന്‍ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് വ്യക്തമാക്കിയത്.

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂര്‍ത്തിയാണ് കലാ സംവിധാനം.

Top