‘തങ്കലാന്‍’ റിലീസ് വൈകും; ചിത്രം ജൂണ്‍-ജൂലൈ മാസങ്ങളിലായി റിലീസിനെത്തും

ചിയാന്‍ വിക്രം പാ. രഞ്ജിത്ത് ചിത്രം ‘തങ്കലാന്‍’ റിലീസ് വൈകും. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് പുതിയ വിവരം. എന്നാല്‍ ഏത് ദിവസമായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ നിര്‍മ്മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് സിനിമയുടെ റിലീസ് നീട്ടിവെയ്ക്കുന്നത്. ജനുവരി 26നായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന തീയതി. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷനിലെ താമസം കണക്കിലെടുത്ത് ഏപ്രിലിലേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍-പ്രൊമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി ഇനിയും സമയം ആവശ്യമായതിനാലാണ് റിലീസ് വൈകുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വരാനിരിക്കുന്ന 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്താല്‍ സിനിമയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായ പ്രകാരമാണ് നീട്ടിവെയ്ക്കുന്നത് എന്ന സ്ഥിരീകരിക്കാത്ത് വാര്‍ത്തകളും എത്തുന്നുണ്ട്.

ഒന്നിലധികം തവണ റിലീസ് തീയതി വൈകുന്നത് തങ്കലാന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരാധകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം വലിയ ഹൈപ്പാണ് സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്നത്. മാത്രമല്ല തങ്കലാന്‍ ഒരു വേള്‍ഡ് ക്ലാസ് ചിത്രമായിരിക്കുമെന്നും നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും ഉറപ്പ് നല്‍കുന്നത് പ്രതീക്ഷ കൂട്ടുന്നുണ്ട്.

Top