താണ്ഡവിനെതിരെ പ്രതിഷേധം കനക്കുന്നു; സെയ്ഫ് അലിഖാന് സുരക്ഷ നല്‍കി മുംബൈ പോലീസ്

മുംബൈ: ആമസോൺ പ്രൈം പുറത്തിറക്കിയ വെബ് സീരീസ് താണ്ഡവിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ നടന്‍ സെയ്ഫ് അലിഖാന് സുരക്ഷ നല്‍കി മുംബൈ പൊലീസ്. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ചായിരുന്നു താണ്ഡവിനെതിരെ രാഷട്രീയ നേതാക്കളുള്‍പ്പെടെയുള്ളവർ രംഗത്ത് വന്നത്. അതേ സമയം വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേഷനിലെ തന്നെ എസ്‌ഐയുടെ പരാതിയിലാണ് കേസ്.

മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്.ഐ.ആറിന്റെ പതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെക്കുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വികാരത്തെ തൊട്ടുകളിക്കാന്‍ ശ്രമിച്ചാൽ അത് പൊറുക്കില്ല- എന്നാണ് ത്രിപാഠി ഇതോടൊപ്പം കുറിച്ചത്.

മധ്യപ്രദേശ് സര്‍ക്കാറും വെബ് സീരീസിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആര്‍ക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താനുള്ള അധികാരമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

Top