taminadu politics sasikala goes to jail

ന്യൂഡല്‍ഹി: തമിഴകത്തിന്റെ രാഷ്ട്രീയഭാവിയില്‍ പുതിയ വഴിത്തിരിവ്. അനധികൃത സ്വത്തുസമ്പാദന കേസില്‍ ശശികലക്കെതിരായ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ശശികല ജയിലിലേക്ക് പോകും. ശശികലക്ക് നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയുമാണ് ശിക്ഷ.

ശശികലക്ക് പത്തുവര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ബെംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ ശശികലക്ക് നിര്‍ദ്ദേശം നല്‍കി.

ശശികലയ്ക്ക് പുറമെ ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍.സുധാകരന്‍, ബന്ധു ജെ.ഇളവരശി എന്നിവര്‍ക്കും ഇതേശിക്ഷയാണ് വിധിച്ചത്. പ്രേരണാകുറ്റം, ഗൂഡാലോചന എന്നിവ തെളിഞ്ഞെന്ന് സുപ്രീംകോടതി പറഞ്ഞു.

അഴിമതിവിരുദ്ധ പോരാട്ടത്തിലെ ചരിത്രവിധിയെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ ബിനാമിയായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ശശികലയ്‌ക്കെതിരെയുളള ആരോപണം. ജയലളിതയും ശശികലയും ഗൂഢോലോചന നടത്തി അറുപത്തിയാറ് കോടി രൂപയുടെ സ്വത്തുക്കള്‍ സമ്പാദിച്ചു.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ അഞ്ചുവര്‍ഷക്കാലം അറുപത്തിയാറ് കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് അന്നത്തെ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമി ചെന്നൈ കോടതിയില്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ സുപ്രീംകോടതിയിലെത്തിയത്.

Top