അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ പദ്ധതികളിട്ട് തമിം ഇക്ബാല്‍

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ പദ്ധതികളിട്ട് ബംഗ്ലാദേശ് മുന്‍ താരം തമിം ഇക്ബാല്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്ച്യൂണ്‍ ബാരിസാലിനെ ചാമ്പ്യനാക്കിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ബാരിസാല്‍ നായകന്‍ കൂടിയായ തമിം ഇക്ബാല്‍ ആയിരുന്നു ടൂര്‍ണമെന്റിലെ താരം.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തമിം ഇക്ബാല്‍ ക്രിക്കറ്റ് ജീവിതം മതിയാക്കിയത്. എന്നാല്‍ ലോകകപ്പിന് മുമ്പെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരത്തോട് അഭ്യര്‍ത്ഥിച്ചു. പിന്നാലെ താരം തീരുമാനം പിന്‍വലിച്ചെങ്കിലും ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസ്സനുമായുള്ള പ്രശ്‌നങ്ങളായിരുന്നു ഇക്ബാലിന് ലോകകപ്പ് ടീമില്‍ ഇടം നിഷേധിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവന്ന് വെറുതെ കളിച്ച് മടങ്ങാന്‍ താനില്ല. ഇനിയൊരു മടങ്ങിവരവിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ ശരിയാകാനുണ്ട്. രണ്ട് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് കഴിയും. എന്നാല്‍ ഇക്കാര്യം സെലക്ടറുമാരുമായി സംസാരിച്ചിട്ടില്ല. എന്നാല്‍ ഒരു തിരിച്ചുവരവിന്റെ കാര്യങ്ങള്‍ ഉടന്‍ ടീം മാനേജ്‌മെന്റുമായി സംസാരിക്കാന്‍ കഴിയുമെന്നും ബംഗ്ലാദേശ് മുന്‍ ഓപ്പണര്‍ വ്യക്തമാക്കി.

Top