തമിഴക ഭരണം നിലനിർത്താൻ ‘തലൈവി’ വീണ്ടും സിനിമ തന്നെ ആശ്രയമാകുമ്പോൾ !

മിഴ് നാട്ടില്‍ ഭരണം നിലനിര്‍ത്താന്‍ സിനിമയെ തന്നെ ആയുധമാക്കി ഭരണപക്ഷവും രംഗത്ത്. 2021 ലാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഭരണപക്ഷത്തിന് മാത്രമല്ല പ്രതിപക്ഷത്തിനും നിലനില്‍പിനായുള്ള പോരാട്ടമാണിത്. സിനിമയും താരങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് കളത്തിലെ പ്രധാന ആയുധങ്ങളാണ്.

മുന്‍ മുഖ്യമന്ത്രി ജയലളിതയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കാന്‍ പോകുന്ന ‘തലൈവി’ സിനിമയുടെ പിന്നില്‍ അണ്ണാ ഡി.എം.കെ നേതാക്കളാണെന്ന വിവരമാണിപ്പോള്‍ പുറത്ത് വരുന്നത്.

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എ.എല്‍ വിജയ് അണിയിച്ചൊരുക്കുന്ന തലൈവി സിനിമ തമിഴ് രാഷ്ട്രീയ മേഖലയില്‍ കൊടുങ്കാറ്റ് വിതക്കുമെന്ന പ്രചരണവും ശക്തമായിട്ടുണ്ട്.

പ്രമുഖ ബോളിവുഡ് നടി കങ്കണ റനൗട്ടാണ് മുന്‍ താരറാണിയും മുന്‍ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്. അണ്ണാ ഡി.എം.കെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയും സൂപ്പര്‍സ്റ്റാറുമായിരുന്ന എം.ജി.രാമചന്ദ്രനെ അവതരിപ്പിക്കുന്നതാകട്ടെ അരവിന്ദ് സ്വാമിയുമാണ്.

ജയലളിതയും എം.ജി.ആറും ഒരുമിച്ച് അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയിരുന്നത് 28 സിനിമകളാണ്. രാഷ്ട്രീയത്തിലും ഇരുവരും സിനിമയെ വെല്ലുന്ന സൂപ്പര്‍ പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.

എം.ജി.ആറിന്റേയും ജയലളിതയുടേയും സിനിമാ രാഷ്ട്രീയ ജീവിതങ്ങള്‍ തുറന്ന് കാട്ടുന്ന ‘തലൈവി’യില്‍ സംവിധായകനും വലിയ പ്രതീക്ഷയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഈ ബഹുഭാഷാ സിനിമ റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.

ജയലളിതയെ നിയമസഭയില്‍ വസ്ത്രാക്ഷേപം നടത്തിയതും അതിന് ശേഷം അവരെടുത്ത ശപഥവും മുഖ്യമന്ത്രിയായി പ്രതികാരം ചെയ്തതുമെല്ലാമാണ് സിനിമയുടെ ഹൈലൈറ്റ്.

ജയലളിതയുടെ കടുത്ത രാഷ്ട്രീയ എതിരാളിയായിരുന്ന മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ അടിവസ്ത്രത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയ സംഭവം രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. കര്‍ക്കശക്കാരിയായ ഭരണാധികാരി എന്ന ഇമേജ് അതോടെയാണ് ജയലളിതക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരുന്നത്. അറസ്റ്റിനെ ചോദ്യം ചെയ്ത കേന്ദ്ര മന്ത്രിമാരായ രണ്ട് ഡി.എം.കെ നേതാക്കളെ വരെ അറസ്റ്റു ചെയ്യാന്‍ അന്ന് ജയലളിതയുടെ പൊലീസ് ധൈര്യം കാട്ടിയിരുന്നു.

പകയുടെ ഈ രാഷ്ട്രീയത്തില്‍ നിന്നും ജനപക്ഷ രാഷ്ട്രിയത്തിലേക്ക് മടങ്ങി വന്നതിന് തൊട്ടു പിന്നാലെയാണ് ജയലളിതയെ മരണം കവര്‍ന്നിരുന്നത്.

അതുകൊണ്ട് തന്നെ ജയലളിതയുടെ ഓര്‍മ്മകള്‍ ജനങ്ങള്‍ക്കിടയില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ നേട്ടം സുനിശ്ചിതമാണെന്നാണ് അണ്ണാ ഡി.എം.കെ നേതാക്കള്‍ കരുതുന്നത്. തലൈവി സിനിമ ഭരണപക്ഷത്തിന് സ്പെഷ്യല്‍ ആകുന്നതും ഈ പ്രതീക്ഷയിലാണ്.

1945- 47 കാലഘട്ടത്തില്‍ നടന്ന ചരിത്ര സംഭവത്തെ ‘മദ്രാസ് പട്ടണമെന്ന’ സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മനാഹരമായി ആവിഷ്‌കരിച്ച സംവിധായകനാണ് എ.എല്‍ വിജയ്. അതുകൊണ്ട് തന്നെ ‘തലൈവി’യില്‍ അദ്ദേഹം എന്ത് മാജിക്കാണ് കാട്ടുകയെന്നതാണ് സിനിമാലോകവും ഉറ്റുനോക്കുന്നത്.


അതേസമയം രാഷ്ട്രീയ പ്രവേശനത്തിന് മുന്നാടിയായി ഡെയ്റ്റ് കൊടുത്ത സിനിമകള്‍ എല്ലാം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഡര്‍ബാര്‍ ആണ് രജനിയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ സിനിമ. സൂപ്പര്‍ സ്റ്റാറിന്റെ 167-മത്തെ സിനിമയാണിത്. ഒരു ഐ.പി.എസ് ഓഫീസറുടെ കഥാപാത്രത്തെയാണ് രജനി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മുരുകദോസ് ആണ് ഡര്‍ബാര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച നടന്‍ കമല്‍ ഹാസനും പുതിയ സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ‘ഇന്‍ഡ്യന്‍ 2’ പുറത്തിറക്കി നേട്ടം കൊയ്യാനാണ് അദ്ദേഹത്തിന്റെയും നീക്കം. ഹിറ്റ് മേക്കര്‍ ശങ്കര്‍ തന്നെയാണ് ഇന്‍ഡ്യന്‍ 2 വും അണിയിച്ചൊരുക്കുന്നത്. അഴിമതിക്കെതിരെ ‘കത്തിയെടുത്ത’ സേനാപതിയുടെ പുനരവതാരത്തിനും ജനസ്വീകാര്യത ലഭിക്കുമെന്നാണ് കമല്‍ പ്രതീക്ഷിക്കുന്നത്

ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലങ്കിലും കന്നി തിരഞ്ഞെടുപ്പില്‍ മോശമല്ലാത്ത വോട്ടുകള്‍ സമാഹരിക്കാന്‍ കമലിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മക്കള്‍ നീതിമയ്യത്തെ മുന്നണിയിലെടുക്കണമെന്ന് സി.പി.എം നേതൃത്വവും ഡി.എം.കെ നേതൃത്വത്തോട് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ദ്രാവിഡ രാഷ്ട്രീയത്തിന് ശക്തമായ വളക്കൂറുള്ള തമിഴകത്ത് വേറിട്ട രാഷ്ട്രീയമാണ് രജനിയും കമലും നിലവില്‍ മുന്നോട്ട് വയ്ക്കുന്നത്. ദ്രാവിഡ പാര്‍ട്ടികളെ ഒറ്റപ്പെടുത്തുക, ദ്രാവിഡ മനസ്സുകളെ ഒപ്പം നിര്‍ത്തുക എന്നതാണ് തന്ത്രം.

കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടികള്‍ക്ക് പോലും ഇതുവരെ സ്വന്തമായി കരുത്താര്‍ജിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് തമിഴ് നാട്.

രാഷ്ട്രീയവും സിനിമയും പരസ്പരം ഇടകലര്‍ന്ന ഈ തമിഴ് പാരമ്പര്യത്തിന്റെ പ്രചോദനം ഉള്‍കൊണ്ടാണ് ആന്ധ്രയിലും മുന്‍പ് രാഷ്ട്രീയ അട്ടിമറി നടന്നിരുന്നത്.

എന്‍.ടി.രാമറാവു എന്ന സൂപ്പര്‍ സ്റ്റാറിന് ആന്ധ്ര മുഖ്യമന്ത്രിയാവാന്‍ പ്രചോദനമായത് തമിഴ് നാട് മുന്‍ മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ എം.ജി.രാമചന്ദ്രനായിരുന്നു.

തമിഴക രാഷ്ട്രീയത്തില്‍ സൂപ്പര്‍ പവര്‍ ആയി മാറാന്‍ എം.ജി.ആറിനും ജയലളിതക്കും സാധിച്ചത്തന്നെ സിനിമ നല്‍കിയ സൂപ്പര്‍താര പട്ടം മൂലമായിരുന്നു. നിരീശ്വരവാദത്തില്‍ മുറുകെ പിടിച്ച് പട നയിച്ച സാക്ഷാല്‍ കരുണാനിധി പോലും സൂപ്പര്‍ തിരക്കഥാകൃത്താണ്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് കലൈഞ്ജറുടെ തൂലികയില്‍ നിന്നും പിറവിയെടുത്തിരുന്നത്.

ഈ പഴയ പടകുതിരകളെല്ലാം മണ്‍മറിഞ്ഞത് തമിഴകത്തെ ദ്രാവിഡ പാര്‍ട്ടികളെയാണിപ്പോള്‍ വല്ലാതെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വെല്ലുവിളി ഏറെ ഉണ്ടായിരുന്നെങ്കിലും എം.ജി ആറിന് പിന്‍ഗാമിയാകാന്‍ ജയലളിതക്ക് കഴിഞ്ഞിരുന്നു. നിരവധി തവണ അണ്ണാ ഡി.എം.കെയെ അധികാരത്തില്‍ എത്തിക്കാനും മുഖ്യമന്തിയാവാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ജയലളിതക്ക് ശേഷം ആര് എന്ന ചോദ്യത്തിന് മുന്നില്‍ അണ്ണാ ഡി.എം.കെ വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ നേരിടുന്നത്. ഡി.എം.കെ നേതാവ് കരുണാനിധിയുടെ വിയോഗവും ഡിഎംകെയെ സംബന്ധിച്ചും തീരാനഷ്ടമാണ്. കരുണാനിധിയുടെ മകനായ സ്റ്റാലിന്‍ അരങ്ങത്തുണ്ടെങ്കിലും വെല്ലുവിളികളേറെയാണ്. ഇത്തവണയില്ലെങ്കില്‍ ഇനിയൊരിക്കലും ഇല്ലെന്നാതാണ് അവസ്ഥ.

ജയലളിത പിടിച്ചെടുത്ത അധികാര കസേരയിലിരുന്നാണ് എടപ്പാടി പളനി സ്വാമി നിലവില്‍ ഭരണം നടത്തുന്നത്. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വമാകട്ടെ ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയായ നേതാവുമാണ്. കേസില്‍ കുരുങ്ങി തല്‍ക്കാലം മാറി നില്‍ക്കേണ്ട ഘട്ടങ്ങളിലെല്ലാം പകരക്കാരനായി ജയലളിത അവരോധിച്ചത് പനീര്‍ശെല്‍വത്തെയായിരുന്നു. ജയലളിതയുടെ മരണശേഷം പക്ഷേ ഏറെ നാള്‍ ആ കസേരയിലിരിക്കാന്‍ പനീര്‍ശെല്‍വത്തിന് കഴിഞ്ഞിരുന്നില്ല. അണ്ണാ ഡി.എം.കെയിലെ ഭിന്നത പനീര്‍ശെല്‍വത്തിന്റെ കസേരയാണ് തെറിപ്പിച്ചിരുന്നത്. പിന്നീട് ടി.ടി.വി ദിനകരന്‍ മുന്‍കൈ എടുത്താണ് എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രിയായി അവരോധിച്ചിരുന്നത്.

ദിനകരനുമായി പളനി സ്വാമി വിഭാഗം തെറ്റിയതോടെ വീണ്ടും പനീര്‍ശെല്‍വം ഔദ്യോഗിക ചേരിക്കൊപ്പം ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി കസേര വിട്ടു നല്‍കാന്‍ എടപ്പാടി അപ്പോഴും തയ്യാറായിരുന്നില്ല.

ഇതോടെ തന്റെ കീഴില്‍ മന്ത്രിയായിരുന്നവന്റെ കീഴില്‍ ഉപമുഖ്യമന്ത്രിയായിരിക്കേണ്ട ഗതികേടാണ് പനീര്‍ശെല്‍വത്തിനുണ്ടായിരിക്കുന്നത്. ഇതാണിപ്പോഴത്തെ തമിഴകത്തെ അണ്ണാ ഡി.എം.കെ രാഷ്ട്രീയം.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റില്‍ മാത്രമാണ് ഈ പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നത്. വിജയിച്ച സ്ഥാനാര്‍ത്ഥിയാകട്ടെ പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി രവീന്ദ്രനാഥ് കുമാറുമായിരുന്നു. മകനെ കേന്ദ്ര മന്ത്രിയാക്കാന്‍ പനീര്‍ശെല്‍വ വിഭാഗം നടത്തിയ നീക്കം എടപ്പാടി വിഭാഗമാണ് ഇടപെട്ട് പൊളിച്ച് കളഞ്ഞിരുന്നത്. രാജ്യസഭയിലെ അണ്ണാ ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധത്തെ ബി.ജെ.പിക്കും അവഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാജ്യസഭയില്‍ അണ്ണാ ഡി.എം.കെ അംഗങ്ങളുടെ പിന്തുണ ബി.ജെ.പിയെ സംബന്ധിച്ച് നിലവില്‍ അനിവാര്യം തന്നെയാണ്.

എടപ്പാടി പനീര്‍ശെല്‍വം വിഭാഗങ്ങള്‍ അണ്ണാ ഡി.എം.കെയില്‍ ശീതസമരത്തിലാണെങ്കിലും അധികാരം വിട്ട ഒരു കളിക്കും രണ്ട് വിഭാഗവും തല്‍ക്കാലം തയ്യാറല്ല. ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ആ പാര്‍ട്ടിയുടെ അണികളെ പോലും ഇപ്പോള്‍ വലിയ നിരാശരാക്കിയിട്ടുണ്ട്.

ഡി.എം.കെ മുന്നണി ഉണ്ടാക്കിയ വലിയ നേട്ടവും രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനേയും ആശങ്കയോടെയാണ് അണ്ണാ ഡി.എം.കെ നേതൃത്വം നോക്കികാണുന്നത്.

ഭരണം പോകുമെന്ന് ഉറപ്പിക്കുന്ന ഈ ഘട്ടത്തില്‍ പിടിച്ച് നില്‍ക്കുന്നതിനായി അവസാനഘട്ട ശ്രമത്തിലാണവര്‍. രജനീകാന്തും അണ്ണാ ഡി.എം.കെയും ഒരുമിച്ച് നില്‍ക്കണമെന്ന നിര്‍ദ്ദേശം ബി.ജെ.പി നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഇരു വിഭാഗവും ഇക്കാര്യത്തില്‍ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സര്‍ക്കാര്‍ വിരുദ്ധ വികാരം തിരിച്ചടിക്കുമെന്ന ഭീതിയില്‍ ഒറ്റക്ക് പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനാണ് രജനിയുടെ തീരുമാനം. രജനി മുഖ്യമന്ത്രിയാവുന്ന ഒരു സംവിധാനത്തിന്റെ ഭാഗമായാല്‍ ഒതുക്കപ്പെടുമോ എന്ന ഭീതി അണ്ണാ ഡി.എം.കെ നേതൃത്വത്തിലെ ഒരു വിഭാഗത്തിനുമുണ്ട്. എന്നാല്‍ സാധാരണക്കാരായ അണ്ണാ ഡി.എം.കെ അണികള്‍ ആഗ്രഹിക്കുന്നത് രജനിയോ അതല്ലങ്കില്‍ യുവ നടന്‍ അജിത്തോ തങ്ങളെ നയിക്കണമെന്നതാണ്.

ഈ സാഹചര്യത്തിലാണ് പുതിയ കരുനീക്കങ്ങളുമായി അണ്ണാ ഡി.എം.കെ നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്. സിനിമയെ ആയുധമാക്കി ഭരണം പിടിച്ച പാര്‍ട്ടി പാരമ്പര്യം വീണ്ടും ആവര്‍ത്തിക്കുകയാണ് പ്രധാന ലക്ഷ്യം.

‘തലൈവി’ സിനിമ തമിഴകത്ത് ജയലളിത അനുകുല തരംഗം സൃഷ്ടിക്കുമെന്നും അതുവഴി വീണ്ടും അധികാരത്തില്‍ എത്താമെന്നുമുള്ള കണക്ക് കൂട്ടലിലാണ് അവരിപ്പോള്‍.

political reporter

Top