രഞ്ജി ട്രോഫി: തമിഴ്‌നാടിനോടും പരാജയപ്പെട്ട് കേരളം; ഇത് രണ്ടാം തോല്‍വി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ 151 റണ്‍സിനാണ് കേരളം തമിഴ്‌നാടിനോട് പരാജയപ്പെട്ടത്. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കേരളത്തിന് തോല്‍വി വഴങ്ങേണ്ടി വന്നത്.

അര്‍ദ്ധസെഞ്ചുറി നേടിയ സഞ്ജു സാംസണും, സിജോമോന്‍ ജോസഫും മാത്രമാണ് കേരളത്തിനായി അല്‍പ്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയത്. സഞ്ജു 192 പന്തില്‍ 91 റണ്‍സ് നേടിയപ്പോള്‍, 132 പന്തില്‍ 55 റണ്‍സായിരുന്നു സിജോമോന്റെ സമ്പാദ്യം. അഞ്ച് കേരള താരങ്ങളാണ് അക്കൗണ്ട് പോലും തുറക്കാതെ കൂടാരം കയറിയത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച കേരളത്തിന് അര്‍ദ്ധ സെഞ്ചുറി നേടിയ സിജോമോന്‍ മികച്ച തുടക്കം നല്‍കി. ഒരു ഘട്ടത്തില്‍ 157 റണ്‍സിന് മൂന്ന് വിക്കറ്റെന്ന സുരക്ഷിതമായ നിലയില്‍ നിന്നും കേരളം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. നാല് റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് താരങ്ങള്‍ പുറത്ത്. പിന്നാലെ വാലറ്റവും വിക്കറ്റ് തുലച്ചതോടെ കേരളത്തിന് രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച തമിഴ്‌നാടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ടീം സ്‌കോര്‍ 55ല്‍ നില്‍ക്കെ 33 റണ്‍സ് നേടിയ അഭിനവ് മുകുന്ദിനെ നഷ്ടമായെങ്കിലും കൗഷിക് ക്രീസില്‍ തുടര്‍ന്നു, അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ അപാരജിത്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും വിക്കറ്റ് തമിഴ്‌നാടിന് നഷ്ടമായി. പിന്നാലെ കൗഷിക്കും മടങ്ങിയതോടെ നായകന്‍ ഇന്ദ്രജിത്ത് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

Top