തമിഴ്‌നാട്‌ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; കളം പിടിക്കാന്‍ ദിനകരപക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. എംഎല്‍എമാരുടെ അയോഗ്യതയില്‍ കരുതലോടെയാണ് ടിടിവി ദിനകരപക്ഷത്തിന്റെ അടുത്ത നീക്കങ്ങള്‍. വീണ്ടും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ നഷ്ടപ്പെട്ട മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം.

നിയമസഭയില്‍ ടിടിവി ദിനകരനെ അനുകൂലിച്ചതിന്റെ പേരിലാണ് 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ അയോഗ്യരാക്കിയത്. മദ്രാസ് ഹൈക്കോടതിയും ഈ തീരുമാനം ശരിവെച്ചതോടെയാണ് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ ടിടിവി ദിനകര വിഭാഗത്തിന്റെ അണിയറയില്‍ സജീവമായത്. അയോഗ്യരായ എംഎല്‍എമാരുടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് സാധ്യതയാണ് ദിനകര വിഭാഗത്തിന്റെ ലക്ഷ്യം.

നിയമപോരാട്ടം തുടരുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടാമെന്നും ദിനകരന്‍ വിഭാഗത്തെ നേതാക്കള്‍ ചിന്തിക്കുന്നു. പതിനെട്ട് സീറ്റിലും ദിനകരന്റെ പാര്‍ട്ടി മത്സരിക്കും. നിലവിലെ സാഹചര്യത്തില്‍ ഡിഎംകെ നേട്ടമുണ്ടാക്കുമോയെന്നതാണ് നോക്കി കാണുന്നത്. ഡിഎംകെയെ സംബന്ധിച്ച് എഐഡിഎംകെയിലെ ഭിന്നത മുതലെടുക്കാനുള്ള എല്ലാ അവസരവും പ്രയോനപ്പെടുത്താനാണ് നീക്കം.

നിലവില്‍ ഉപതിരഞ്ഞെടുപ്പിനോട് താല്‍പ്പര്യകുറവ് ആണ് എഐഡിഎംകെ വെച്ചു പുലര്‍ത്തുന്നത്. ഈ അനുകൂല കാലാവസ്ഥയെ കൂടുതല്‍ സീറ്റുകളാക്കി മാറ്റാമെന്നതാണ് എതിര്‍ വിഭാഗത്തെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമായി മാറുന്നത്. അതുകൊണ്ട് തന്നെ തമിഴ് രാഷ്ട്രീയത്തില്‍ ദിനകരന്റെ ശക്തി തെളിയിക്കാനുള്ള വേദിയായി ഉപതെരഞ്ഞടുപ്പ് മാറിയേക്കും. എന്നാല്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ നിയമപോരാട്ടം തുടരാനാണ് നിലവിലെ സാധ്യത.

എന്തായാലും ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കാറ്റ് ആഞ്ഞുവീശാനൊരുങ്ങുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കാത്ത എഐഡിഎംകെയ്ക്കും ദിനകരനുമൊക്കെ കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്.

Top