ഭവാനിപുഴയില്‍ നിന്ന് തമിഴ്‌നാട് വെള്ളം ചോര്‍ത്തുന്നു; ലക്ഷ്യം 1000 മെഗാവാട്ട് പദ്ധതി

bavaniriver0000

അഗളി: ഭവാനിപുഴയിലെ വെള്ളം തമിഴ്‌നാട് ചോര്‍ത്തുന്നു. ഭവാനിപുഴയുടെ ഉല്‍ഭവ സ്ഥാനത്തു തുരങ്കം നിര്‍മ്മിച്ചാണ് കേരളത്തിലെത്തേണ്ട മുഴുവന്‍ വെള്ളവും തമിഴ്‌നാട് ചോര്‍ത്തുന്നത്. 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂചന.

അപ്പര്‍ ഭവാനി അണക്കെട്ടിന് താഴെ പെന്‍സ്റ്റോക്ക് പൈപ്പുവഴി ഗദ്ദ പവര്‍ ഹൗസില്‍ വെള്ളമെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി ഈ വര്‍ഷം സെപ്തംബറില്‍ കമ്മിഷന്‍ ചെയ്യാന്‍ തിരക്കിട്ട അണിയറ നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. വെള്ളത്തിന്റെ മര്‍ദ്ദം ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചൈനീസ് സാങ്കേതിക വിദ്യയാണ് തമിഴ്നാട് പ്രയോഗിക്കുന്നത്. ഇതുവഴി കേരളത്തിന് അവകാശപ്പെട്ട വെള്ളം ഊറ്റുന്നതിലൂടെ കോടികളുടെ നേട്ടമാവും തമിഴ്‌നാടിന് ലഭിക്കുക.

തമിഴ്‌നാടിന്റെ പദ്ധതി യഥാസമയം നടപ്പായാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ 745 ചതുരശ്ര കിലോമീറ്റര്‍ വരുന്ന അട്ടപ്പാടിയുടെ 45 ശതമാനം ഭാഗവും വറ്റിവരളും. നിലവില്‍ അപ്പര്‍ ഭവാനിക്ക് ശേഷം തമിഴ്നാട്ടിലേക്കൊഴുകുന്ന വെള്ളം ഉപയോഗിച്ച് കുന്ത, ഗദ്ദ, പില്ലൂര്‍, എമ്രാള്‍ഡ്, മേട്ടൂര്‍ എന്നീ ഡാമുകളിലായി 900 മെഗാവാട്ട് വൈദ്യുതി നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ഗോത്രവിഭാഗക്കാര്‍ കൂടുതലായി കഴിയുന്ന പുതൂര്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസാണ് ഭവാനിയുടെ കൈവഴിയായ വരഗാര്‍. ഭവാനിയുടെ ഉത്ഭവ സ്ഥലത്തിന് താഴെയായി ആരംഭിക്കുന്ന വരഗാര്‍ 2006-ല്‍ തമിഴ്നാട് പൂര്‍ണമായും കെട്ടിയടച്ചിരുന്നു. നിലവില്‍ വരഗാര്‍ വറ്റിവരണ്ട് കിടക്കുകയാണ്.

പത്തുവര്‍ഷം മുമ്പ് ശിരുവാണി ഡാമില്‍ നിന്നു തുരങ്കം നിര്‍മ്മിച്ച് തമിഴ്നാട് വന്‍തോതില്‍ വെള്ളം ചോര്‍ത്തിയിരുന്നു. വന്‍ വിവാദമായതിനെ തുടര്‍ന്ന് തുരങ്കം അടച്ചെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇതിന്റെ പിന്നില്‍ അഴിമതിയാണെന്നാണ് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നത്.

രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഉപകരിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയ അട്ടപ്പാടിയിലെ ചിറ്റൂര്‍ ഡാം നിര്‍മ്മാണം എങ്ങുമെത്താതെ കിടക്കുകയാണ്. അരനൂറ്റാണ്ട് മുമ്പ് നിര്‍മ്മാണം തുടങ്ങിയ ഡാം പൂര്‍ത്തിയാക്കാന്‍ കേരളം ശ്രമിക്കുമ്പോഴെല്ലാം തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം അതിര്‍ത്തിയില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതോടെ കേരളം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ കേരളത്തിന്റെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ പുതിയ പദ്ധതികളുമായി തമിഴ്‌നാട് മുന്നേറുകയാണ്.

Top