കാവിയെ പുറം തള്ളിയ നാടിനെ കാവി പുതപ്പിക്കാൻ സംഘപരിവാർ അജണ്ട

സൂപ്പര്‍താരം രജനീകാന്തിനെ രംഗത്തിറക്കി തമിഴകം പിടിക്കാന്‍ ബി.ജെ.പിയുടെ പടയൊരുക്കം. ഉത്തരേന്ത്യയില്‍ ഉദിച്ച മോദിതരംഗം കിഴക്കും പടിഞ്ഞാറും കീഴടക്കിയിട്ടും ബി.ജെ.പിക്ക് ഒറ്റ സീറ്റുപോലും നല്‍കാതെയാണ് തമിഴ്നാട് തടഞ്ഞുനിര്‍ത്തിയിരുന്നത്.

ഭരണകക്ഷിയായ അണ്ണാഡി.എം.കെയുമായി രാഷ്ട്രീയ സഖ്യം ചേര്‍ന്നിട്ടും തിരിച്ചടി നേരിട്ടതോടെയാണ് രജനിയെ രംഗത്തിറക്കി കളംപിടിക്കാന്‍ ബി.ജെ.പി രംഗത്തിറങ്ങുന്നത്.

ലോക്സഭാതെരഞ്ഞെടുപ്പില്‍ 38 സീറ്റില്‍ 37ഉം സ്വന്തമാക്കിയത് ഡി.എം.കെ സഖ്യമായിരുന്നു. ഭരണകക്ഷിയായ അണ്ണാഡിഎം.കെക്ക് കേവലം ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഡി.എം.കെ തനിച്ച് 23 സീറ്റാണ് നേടിയത്.

അണ്ണാഡിഎം.കെയുമായുള്ള സഖ്യം രണ്ടു വര്‍ഷം കഴിഞ്ഞുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുള്ളത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ബി.ജെ.പിയുടെ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് രംഗത്ത് വന്നത് സഖ്യപ്രതീക്ഷക്ക് പുതുജീവന്‍ പകര്‍ന്നിട്ടുണ്ട്.

നിരീശ്വരവാദം ഉയര്‍ത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിനുപകരം ആത്മീയ രാഷ്ട്രീയമാണ് രജനീകാന്ത് പരീക്ഷിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയവുമായി ചേരുന്ന ആശയമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമാണ് രജനിക്കുള്ളത്.

കൃഷ്ണ-ഗോദാവരി നദീസംയോജനമാണ് പുതിയ കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതിയെന്ന നിധിന്‍ ഗഡ്ക്കരിയുടെ പ്രഖ്യാപനം ബി.ജെ.പി സഖ്യത്തിലേക്ക് രജനിക്കുള്ള ക്ഷണമായും രാഷ്ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നുണ്ട്. നദീസംയോജനത്തിന് മുന്‍കൈയ്യെടുക്കുന്നവര്‍ക്കാണ് പിന്തുണയെന്ന് നേരത്തെ രജനി തന്നെ പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി രജനി മക്കള്‍ മണ്‍ട്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എം.ജി.ആര്‍ അണ്ണാ ഡി.എം.കെ കെട്ടിപ്പടുത്തത് ആരാധകരുടെ പിന്‍ബലത്തിലായിരുന്നു. രജനിയുടെ വ്യക്തിപ്രഭാവവും ആരാധകരുടെ പിന്തുണയും പാര്‍ട്ടിയുടെ സംഘടനാസംവിധാനവും ഒത്തുചേര്‍ന്നാല്‍ തമിഴ്നാട്ടില്‍ വിജയം സ്വന്തമാക്കാനാവുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്.

സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയെ പിണക്കാതെ തന്നെ രജനിയെയും എന്‍.ഡി.എ മുന്നണിയിലുള്‍പ്പെടുത്തി മത്സരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അണ്ണാ ഡി.എം.കെക്ക് രാജ്യസഭയില്‍ നിലവില്‍ 12 എം.പിമാരാണുള്ളത്. ഡി.എം.കെക്ക് നാലും. രാജ്യസഭയില്‍ ഇപ്പോഴും കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് അണ്ണാ ഡി.എം.കെ അംഗങ്ങളുടെ പിന്തുണ നിര്‍ണായകമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡി.എം.കെ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതിനാല്‍ രജനിയുള്ള സഖ്യത്തിനായിരിക്കും അണ്ണാ ഡി.എം.കെക്കും ഇനി താല്‍പര്യമുണ്ടാകുക. എന്നാല്‍ ഇക്കാര്യത്തില്‍ രജനിയുടെ നിലപാടായിരിക്കും നിര്‍ണായകമാവുക.

തമിഴ്നാട് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പയറ്റിയ തന്ത്രം തന്നെയാണ് ബി.ജെ.പിയും ഇപ്പോള്‍ പയറ്റുന്നത്. മുഖ്യമന്ത്രി സ്ഥാനം സഖ്യകക്ഷിക്കുവിട്ടു നല്‍കി ലോക്സഭയിലേക്ക് പരമാവധി സീറ്റുറപ്പിക്കുന്ന തന്ത്രമായിരുന്നു കോണ്‍ഗ്രസിന്. നേരത്തെ ജയലളിതക്കൊപ്പവും പിന്നീട് കരുണാനിധിക്കൊപ്പവും സഖ്യമായപ്പോഴും മുഖ്യമന്ത്രി സ്ഥാനം വിട്ടു നല്‍കിയാണ് കോണ്‍ഗ്രസ് ലോക്സഭാ സീറ്റുകള്‍ ഉറപ്പിച്ചിരുന്നത്. ഉത്തരേന്ത്യയില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും ശക്തമാണെന്നു കാണിക്കാന്‍ ബി.ജെ.പി ഈ തന്ത്രം തന്നെ തുടരുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിട്ട് വീഴ്ച ചെയ്താല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ പറ്റുമെന്ന കണക്ക് കൂട്ടലും ബിജെപിക്ക് ഉണ്ട്. രജനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തമിഴകം പിടിക്കാനാണ് ഇപ്പോഴത്തെ നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്ന 22ല്‍ 9 സീറ്റ് നേടാനായത് അണ്ണാഡിഎംകെ യ്ക്കും ആശ്വാസം പകര്‍ന്നിട്ടുണ്ട്. തരംഗത്തിലും പിടിച്ച് നില്‍ക്കാന്‍ കഴി്ഞ്ഞത് പ്രതീക്ഷയോടെയാണ് അവര്‍ നോക്കി കാണുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും തമ്മിലുള്ള വോട്ടു വ്യത്യാസം 14% ആണെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ അത് 10% ത്തില്‍ താഴെ മാത്രമായിരുന്നു.

ബാറ്ററി ടോര്‍ച്ച് ചിഹ്നത്തില്‍ മല്‍സരിച്ച കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും പ്രതീക്ഷയുടെ ചെറുവെളിച്ചം തിരഞ്ഞെടുപ്പു നല്‍കുന്നുണ്ട്. എല്ലായിടത്തും കെട്ടിവച്ച പണം നഷ്ടപ്പെട്ടെങ്കിലും ചെന്നൈയിലെ മൂന്നു മണ്ഡലങ്ങളില്‍ 10% കൂടുതല്‍ വോട്ടു നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നഗര, അര്‍ധനഗര പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 13 മണ്ഡലങ്ങളില്‍ മക്കള്‍ നീതി മയ്യം മൂന്നാം സ്ഥാനത്താണ്.

ഗ്രാമങ്ങളില്‍ നേട്ടം ഉണ്ടാക്കിയത് സീമാന്റെ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷിയാണ്. ദിനകരനും കമലും സീമാനും ചേര്‍ന്ന് 12.8% വോട്ടു നേടിയതു സംസ്ഥാനത്തു മൂന്നാം മുന്നണിയുടെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയ്ക്കും ഡിഎംകെയ്ക്കും കൂടി കിട്ടിയ വോട്ട് 52% മാത്രമാണ്. അതായത് രജനിയെ മുന്‍ നിര്‍ത്തിയാല്‍ തമിഴകത്തും താമര വിരിയിക്കാന്‍ പറ്റുമെന്ന ഒരു പ്രതീക്ഷ ഈ വോട്ടിങ് കണക്കുകള്‍ ബി.ജെ.പി മുന്നണിക്ക് ഇപ്പോള്‍ നല്‍കുന്നുണ്ട്.


Political Reporter

Top