ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടം

തൊടുപുഴ: മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടം. ജലനിരപ്പ് 136ൽ നിന്ന് 142 അടിയായി ഉയർത്താൻ സുപ്രീം കോടതി അനുമതി നൽകിയത് 2014ലാണ്. അതിനു ശേഷം തുടർച്ചയായി ജലനിരപ്പ് ഇത്രയേറെ ദിവസം 142ൽ നിൽക്കുന്നത് ആദ്യമാണ്. ജലനിരപ്പ് ഉയർന്നാലും അണക്കെട്ടിനു ബലക്ഷയമില്ലെന്നും പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്നുമുള്ള വാദം ബലപ്പെടുത്തുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം.

നവംബർ 30നാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. തുടർന്ന് എല്ലാ ദിവസവും ജലനിരപ്പ് 142 അടിയോ അതിനു തൊട്ടടുത്തോ വെള്ളം താഴാതെ നിർത്താൻ തമിഴ്നാട് പ്രത്യേക ശ്രദ്ധ വയ്ക്കുന്നുണ്ട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മുല്ലപ്പെരിയാറിൽ താമസിച്ച് ഇക്കാര്യം ഉറപ്പാക്കുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ച് ജലനിരപ്പ് 142ൽ പിടിച്ചുനിർത്തും. നീരൊഴുക്ക് അപ്രതീക്ഷിതമായി കൂടിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളമൊഴുക്കും. ഇപ്പോൾ വൈകുന്നേരങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. അതോടെ രാത്രി നീരൊഴുക്കു കൂടും. നീരൊഴുക്കിന്റെ ശക്തി കണക്കാക്കി അതേ അളവിൽ സ്പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തമിഴ്നാടിന്റെ ഉദ്യോഗസ്ഥർ രാത്രി തന്നെ തീരുമാനമെടുക്കുകയാണ്. പെരിയാർ തീരദേശവാസികളുടെ ദുരിതങ്ങൾ അറിയാതെയല്ല ഈ തീരുമാനങ്ങൾ.

മുൻപ് സെക്കൻഡിൽ 2300 ഘനയടി വെള്ളം വൈഗയിലേക്ക് കൊണ്ടുപോയിരുന്ന തമിഴ്നാട് ഇപ്പോൾ ലോവർ ക്യാംപ് പവർ ഹൗസിലെ വൈദ്യുതി ഉൽപാദനത്തിനുള്ള 1800 ഘനയടി മാത്രമാണ് കൊണ്ടുപോകുന്നത്. മഴ മാറി നിന്ന ദിവസം ജലനിരപ്പ് 142ൽ താഴാതിരിക്കാൻ വൈഗയിലേക്കു വെള്ളം കൊണ്ടു പോകുന്നത് പൂർണമായും നിർത്തുകയും ചെയ്തു. ബേബി ഡാമിനു മുന്നിലെ മരംമുറി സംബന്ധിച്ച വിവാദവും തമിഴ്നാടിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാലാവാം രാത്രി സ്പിൽവേ ഷട്ടറുകൾ തുറക്കരുതെന്നുകാട്ടി കേരളം നൽകിയ കത്തിനു മറുപടി പോലും തമിഴ്നാട് നൽകിയിട്ടില്ല.

അതേ സമയം  ജലനിരപ്പ് 152 അടിയാക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ സംഘടനകൾ രംഗത്തിറങ്ങിയിട്ടുമുണ്ട്.  മുല്ലപ്പെരിയാർ തമിഴ്നാട്ടിലെ പ്രധാന രാഷ്ടീയ വിഷയം കൂടിയായതിനാൽ സമരക്കാർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുന്നുമുണ്ട്.

Top